തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. ബിപിഎല്‍ പട്ടികയില്‍ ഉള്ളവര്‍ക്ക് വര്‍ധനയില്ല. സംസ്ഥാനത്ത് 6.8 ശതമാനം വൈദ്യുതി നിരക്കാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് നിരക്ക് വര്‍ധന. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ച് രൂപ വര്‍ധിക്കും. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധനയില്ല. 50 യൂണിറ്റ് മുതലുള്ള ഓരോ യൂണിറ്റിന് 30 പൈസ കൂട്ടിയിട്ടുണ്ട്. പൂജ്യം മുതല്‍ 50 യൂണിറ്റ് വരെയുള്ള വിനിയോഗത്തിന് ഒരു യൂണിറ്റിന് 25 പൈസയാണ് നിരക്ക് വര്‍ധന. റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിനരാജനാണ് നിരക്ക് വര്‍ധനയുടെ കാര്യം അറിയിച്ചത്.

വാണിജ്യ വ്യവസായ മേഖലയിലും ചാര്‍ജ് വര്‍ധന ബാധിക്കും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 40 പൈസ വരെയാണ് വര്‍ധന. 902 കോടിയുടെ അധിക വരുമാനമാണ് വൈദ്യുതി നിരക്ക് വര്‍ധനവിലൂടെ സര്‍ക്കാരിന് ലഭിക്കുക. പൂജ്യം മുതല്‍ 50 യൂണിറ്റ് വരെ നിലവില്‍ ഈടാക്കിയിരുന്നത് യൂണിറ്റിന് 2.90 രൂപയാണ്. നിലവിലെ നിരക്ക് വര്‍ധന അനുസരിച്ച് അത് ഇനി 3.15 രൂപയാകും.

50 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 18 രൂപയുടെയും 75 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 35 രൂപയുടെയും 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 42 രൂപയുടെയും വർധനവുണ്ടാകും. 125 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചാൽ നിലവിലെ നിരക്കിൽ നിന്നും 60 രൂപ അധികം നൽകേണ്ടി വരും. 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 67 രൂപയുടെയും 175 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 90 രൂപയുടെയും വർധനവുണ്ടാകും. പ്രതിമാസം 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർ ഇനി 97 രൂപ അധികം നൽകണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.