scorecardresearch
Latest News

കെഎസ്ഇബി നഷ്ടത്തില്‍, വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി

സാധാരണ ജനങ്ങൾക്ക് ഇരുട്ടടിയാകുന്ന നിരക്ക് വർധന ഉണ്ടാകില്ലെന്നും മന്ത്രി

k krishnankutty, cpm, ie malayalam

പാലക്കാട്: കെഎസ്ഇബി നഷ്ടത്തിലായതിനാൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. കൂടിയ വിലയ്ക്കാണ് കമ്പനികൾ വൈദ്യുതി തരുന്നത്. ഇറക്കുമതി ചെയ്യുന്ന കൽക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര നയവും തിരിച്ചടിയായി. എന്നാൽ, സാധാരണ ജനങ്ങൾക്ക് ഇരുട്ടടിയാകുന്ന നിരക്ക് വർധന ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.

കെഎസ്ഇബിയുടെ വരവും ചെലവും നോക്കി റെഗുലേറ്ററി കമ്മീഷനാണ് നിരക്ക് വർധനയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. ചാർജ് വർധന സംബന്ധിച്ച് റെഗുലേറ്ററി കമീഷൻ പരിശോധന തുടങ്ങിയിട്ടുണ്ട്. വൈകാതെ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ജൂലൈ ഒന്നു മുതലാണ് വൈദ്യുതി നിരക്കുകൾ കൂടുക. സ്ലാബ് അടിസ്ഥാനമാക്കി നിരക്ക് വർധിപ്പിക്കണമെന്ന് വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം 41 പൈസയുടെ വർധനവ് വേണമെന്നാണ് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉപഭോഗം 200 യൂണിറ്റിൽ കൂടിയാൽ കൂടിയ നിരക്ക് ഈടാക്കാനും ശുപാർശ ചെയ്തിട്ടുണ്ട്.

വൈദ്യുതി നിരക്ക് യൂണിറ്റിന് ഈ വർഷം ശരാശരി 41 പൈസയും അടുത്ത വർഷം 31 പൈസയും 2025-26 ൽ 17 പൈസയും 2026-27 ൽ ഒരു പൈസയും വർധിപ്പിക്കണമെന്നാണ് വൈദ്യുതി ബോർഡിന്റെ ആവശ്യം.

ഏപ്രിൽ ഒന്നിന് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. എന്നാൽ, നപടിക്രമങ്ങള്‍ നീണ്ടുപോയതിനാല്‍ പഴയ താരിഫ് ജൂണ്‍ 30 വരെ റഗുലേറ്ററി കമ്മിഷന്‍ നീട്ടുകയായിരുന്നു. ജൂലൈ ഒന്നു മുതൽ പുതിയ നിരക്കുകൾ നിലവിൽ വരത്തക്ക വിധമാണ് നടപടിക്രമങ്ങൾ. നാലു വർഷത്തേക്ക് 2381 കോടിരൂപയുടെ അധിക വരുമാനമാണ് ബോർഡ് പ്രതീക്ഷിക്കുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Electricity charges will increase says minister kkrishnankutty