കൊച്ചി: ഉപഭോക്‌താക്കളിൽ നിന്ന് അധിക തുക ഈടാക്കിയിട്ടില്ലെന്ന് വൈദ്യുതി ബോർഡ്. ഉപഭോഗം കൂടിയതിനാലാണ് തുക വർധിച്ചതെന്നും നിയമാനുസൃതമായാണ് ബില്ലിങ് നടപ്പാക്കിയതെന്നും ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ലോക്ക്‌ഡൗൺ കാലത്തെ ബിൽ തയ്യാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്‌ത് മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തംഗം എം.സി.വിനയകുമാർ സമർപ്പിച്ച ഹർജിയിലാണ് കോടതി നിർദേശ പ്രകാരം ബോർഡ് വിശദമായ സത്യവാങ്‌മൂലം സമർപ്പിച്ചത്.
വേനൽകാലത്ത് സാധാരണ നിലയിൽ വൈദ്യുതി ഉപഭോഗം കൂടാറുണ്ട്. ലോക്ക്‌ഡൗൺ കാലത്ത് ആളുകൾ വീട്ടിലിരുന്നതിനാൽ ഉപഭോഗം പാരമ്യത്തിലായിരുന്നുവെന്നും മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ നിരക്ക് വർധിക്കാൻ ഇതാണ് കാരണമെന്നും ബോർഡ് കോടതിയിൽ വിശദീകരിച്ചു. ഉപയോഗിച്ച വൈദ്യുതിക്ക് മാത്രമേ തുക ഈടാക്കിയിട്ടുള്ളൂ. 76 ദിവസം കഴിഞ്ഞാണ് ബിൽ നൽകിയതെങ്കിലും 60 ദിവസത്തെ നിരക്കേ ഈടാക്കിയിട്ടുള്ളൂവെന്നും ബോർഡ് അറിയിച്ചു.
Read Also: കൂട്ടുകാരോട് വഴക്കിട്ട മൂന്ന് വയസുകാരി വീട്ടിൽനിന്നിറങ്ങി; നടന്നത് ഒന്നരകിലോമീറ്റർ
ദ്വൈമാസ ബില്ലിൽ, ഒരു മാസത്തെ ഉപഭോഗം കണക്കാക്കാൻ റീഡിങ് തീയതി വരെയുള്ള ആകെ ഉപഭോഗത്തിന്റെ ശരാശരിയാണ് എടുക്കുന്നത്. ഈ തുക ഒറ്റ മാസ ബില്ലിങ് രീതിയേക്കാൾ കൂടുതലാണെന്ന ഹർജയിലെ വാദം ശരിയല്ല. ബില്ലിങ് വൈകിയാലും രണ്ട് മാസത്തെ തുകയേ ഈടാക്കുന്നുള്ളൂവെന്നും ബോർഡ് വിശദീകരിച്ചു. ദ്വൈമാസ ബില്ലിങ് മാറ്റാനാവില്ല. ഈ രീതി 30 വർഷമായി തുടരുന്നതാണ്. റെഗുലേറ്ററി കമ്മിഷന്റെ അംഗീകാരുണ്ട്. പ്രതിമാസ ബില്ലിങ് നടപ്പാക്കിയാൽ കൂടുതൽ ജീവനക്കാർ വേണ്ടി വരുമെന്നും ഇത് ബോർഡിന്റെ ചെലവ് കൂട്ടുമെന്നും ഉപഭോക്താക്കൾക്ക് തന്നെ ബുദ്ധിമുട്ടാവുമെന്നും ബോർഡ് വിശദീകരിച്ചു.
Read Also: ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
ലോക്ക്ഡൗൺ കണക്കിലെടുത്ത് ഉപഭോക്താക്കൾക്ക് മേയ് 15 വരെ ഇളവുകൾ നൽകിയതായും ബോർഡ് അറിയിച്ചു. തുക അടയ്‌ക്കാത്തവരുടെ കണക്ഷൻ വിച്ഛേദിക്കരുതെന്ന് പ്രത്യേക നിർദേശം നൽകി. ഗാർഹിക ഉപഭോക്താക്കൾക്ക് സർചാർജ് ഇളവ് നൽകി. തുക ആദ്യം പകുതിയും പിന്നീട് രണ്ട് ഗഡുക്കളായും അടയ്ക്കാൻ അനുവദിച്ചിട്ടുണ്ട്. നിർദിഷ്‌ട തീയതിക്കകം മുഴുവൻ തുക ഓൺലൈനായി അടച്ചവർക്ക് അഞ്ച് ശതമാനം ക്യാഷ് ബാക്ക് അനുവദിച്ചു. വ്യവസായ – വാണിജ്യ ഉപയോക്താക്കൾക്കും ആശുപത്രികൾക്കും 25% കിഴിവ് നൽകിയതായും ബോർഡ് വ്യക്തമാക്കി. കെഎസ്ഇബിയുടെ വിശദീകരണം രേഖപ്പെടുത്തിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഹർജി വിധി പറയാനായി മാറ്റി.