തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ സമ്മേളനം നടക്കുന്നതിനിടയ്ക്ക് രാജ്യസഭയിലേയ്ക്കുളള തിരഞ്ഞെടുപ്പ് വരുന്നു. കേരളത്തിലെ നിർണായക രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി ഈ തിരഞ്ഞെടുപ്പും മാറും.

ഇന്ത്യയിലൊട്ടാകെ കേരളം ഉൾപ്പടെ 17 സംസ്ഥാനങ്ങളിൽ നിന്നായി 59 രാജ്യസഭാ സീറ്റുകളിലേയ്ക്കാണ് മൽസരം നടക്കുന്നത്. മാർച്ച്  23 നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ദേശീയ തലത്തിൽ​ ബിജെപിക്ക് എന്നപോലെ കേരളത്തിൽ എൽഡിഎഫിനും യുഡിഎഫിനും ഈ രാജ്യസഭാ സീറ്റിലേയ്ക്കുളള മൽസരം നിർണായകമാണ്.

കാലാവധി കഴിയുന്ന 58 പേരുടെ ഒഴിവിലേയ്ക്കാണ് രാജ്യസഭാ സീറ്റിലേയ്ക്കുളള​ മൽസരം നടക്കുന്നത്. എന്നാൽ കേരളത്തിലെ മൽസരം കാലാവധി അവസാനിക്കാൻ വർഷങ്ങൾ ബാക്കി നിൽക്കെ രാജിവച്ച ജനതാദൾ നേതാവ് എം.പി.വീരേന്ദ്ര കുമാറിന്റെ സീറ്റിലാണ്. ദേശീയ തലത്തിൽ ജനതാദളിൽ​​ ഉണ്ടായ പിളർപ്പും കേരളത്തിൽ യുഡിഎഫ് മുന്നണിയിൽ നിന്നും വിട്ടുപോകാനുളള വീരേന്ദ്രകുമാർ പക്ഷത്തിന്റെ തീരുമാനവുമാണ് അദ്ദേഹം രാജ്യസഭാ അംഗത്വം രാജിവയ്ക്കുന്നതിലേയ്ക്കുളള​ വഴിയൊരുക്കിയ കാരണം.

ഔദ്യോഗിമായി എൽ​ഡിഎഫിന്റെ ഭാഗമായിട്ടില്ല ഇതുവരെ വീരേന്ദ്രകുമാർ വിഭാഗം. യുഡിഎഫ് വിടുകയും ചെയ്തു. അതിനാൽ തന്നെ രാജ്യസഭയിലേയ്ക്ക് വീരേന്ദ്രകുമാർ വിഭാഗം ഇത്തവണ മൽസരിക്കുമോ എന്ന കാര്യത്തിലും സംശയം ഉയരുന്നുണ്ട്. രാജ്യസഭയിലേയ്ക്കുളള​ സീറ്റ് സിപിഎമ്മിന് വിട്ടുകൊടുത്തുകൊണ്ട് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട്, വടകര സീറ്റുകളേതെങ്കിലും വാങ്ങാമെന്നാണ് വീരേന്ദ്രകുമാർ പക്ഷത്തിൽ സജീവമായി നിലനിൽക്കുന്ന ആലോചനകളിലൊന്ന്. കോഴിക്കോട് സീറ്റിന്റെ പേരിലാണ് നേരത്തെ വീരേന്ദ്രകുമാർ വിഭാഗം എൽഡിഎഫ് വിട്ടുപോയത്. തിരികെ വരുമ്പോൾ അതിലേതെങ്കിലും ഒരു സീറ്റ് കിട്ടുമോ എന്നാണ് വീരേന്ദ്രകുമാർ പക്ഷത്തിന്റെ ആലോചന.

കോഴിക്കോടും വടകരയും കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലായി സിപിഎമ്മിന് തുടർച്ചയായി നഷ്ടമാവുകയും ചെയ്തു. കോഴിക്കോട് കോൺഗ്രസ്സിന്റെ എം.കെ.രാഘവനും വടകരയിൽ​ കോൺഗ്രസിന്റെ മുല്ലപ്പളളി രാമചന്ദ്രനുമാണ് കഴിഞ്ഞ രണ്ടു തവണയും ലോക്‌സഭയിലേയ്ക്ക് വിജയം കണ്ടത്. ഈ സാഹചര്യത്തിൽ കോഴിക്കോട് സീറ്റ് വീരേന്ദ്രകുമാർ പക്ഷത്തിന് മടക്കി നൽകാൻ സിപിഎം തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് അവർ.

വിവിധ സംസ്ഥാനങ്ങളില്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മാര്‍ച്ച് അഞ്ചിന് പ്രസിദ്ധീകരിക്കും. മാര്‍ച്ച് 23നാണ് വോട്ടെടുപ്പ്.

നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 12 ആണ്. സൂക്ഷ്മപരിശോധന 13ന് നടക്കും. 15 വരെ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ട്. 23ന് രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട് നാലുമണിവരെയാണ് വോട്ടിങ് സമയം. അന്നു വൈകിട്ട് അഞ്ചുമണിക്ക് വോട്ടെണ്ണല്‍ നടക്കും.

58 സീറ്റുകളിൽ ഭൂരിപക്ഷം സീറ്റുകളും ഒഴിവ് വരുന്നത് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ​ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നാണ്. ഉത്തർ പ്രദേശിൽ നിന്നും പത്ത് രാജ്യസഭാ അംഗങ്ങളും മഹാരാഷ്ട്ര, ബിഹാർ​ എന്നിവിടങ്ങളിൽ​ നിന്നും ആറ് ഒഴിവുകളിലേയ്ക്കുമാണ് മൽസരം നടക്കുക.

ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന ബംഗാളിലും അഞ്ച് സീറ്റുകളിലേയ്ക്ക് വീതമാണ് മൽസരം. ബിജെപി ഭരിക്കുന്ന ഗുജറാത്തിലും കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിലും നാല് സീറ്റുകൾ​ വീതമാണ് ഒഴിയുന്നത്. തെലങ്കാന, ആന്ധ്രപ്രദേശ്, ഒഡിഷ, രാജസ്ഥാൻ എന്നിവിടങ്ങളിൽ​ മൂന്ന് സീറ്റ് വീതമാണ് ഒഴിയുന്നത്.

നിലവിൽ ബിജെപിയാണ് രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. 58 അംഗങ്ങളാണ് അവർക്കുളളത്. കോൺഗ്രസ്സിന് 54​ അംഗങ്ങളാണ് രാജ്യസഭയിൽ നിലവിലുളളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ