മുസ്ലീം സമുദായത്തിന് എതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ ലംഘിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. നിയമലംഘനം നടത്തിയതിന് ശ്രീധരന്‍ പിള്ളക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ശ്രീധരന്‍ പിള്ളക്കെതിരെ നടപടിയാവശ്യപ്പെട്ട് ആറ്റിങ്ങല്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഇലക്ടറല്‍ ഏജന്റായ വി ശിവന്‍കുട്ടി നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി. ജനപ്രാതിനിധ്യ നിയമത്തിലെ 123(3എ), 125 വകുപ്പുകള്‍ ശ്രീധരന്‍ പിള്ള ലംഘിച്ചുവെന്നും ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന് വേണ്ടി നടത്തിയ പ്രചരണ പരിപാടിക്ക് അനുമതിയുണ്ടായിരുന്നില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കാലത്ത് മതം, വംശം, ജാതി, സമുദായം, ഭാഷ, എന്നിവയുടെ അടിസ്ഥാനത്തില്‍ ജനവിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന 125-ാം വകുപ്പ് കുറ്റക്കാരന് മൂന്നു വര്‍ഷം വരെ തടവ് ശിക്ഷയും പിഴയുമാണ് വ്യവസ്ഥ ചെയ്യുന്നത്. സ്ഥാനാര്‍ത്ഥിയോ അയാളുടെ ഏജന്റോ മതം, വംശം, ജാതി, സമുദായം, ഭാഷ, എന്നിവയുടെ അടിസ്ഥാനത്തില്‍ ജനവിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനെ തിരഞ്ഞെടുപ്പ് അഴിമതിയായാണ് 123(3എ) വകുപ്പ് കാണുന്നത്. ഇവയാണ് ശ്രീധരന്‍ പിള്ള ലംഘിച്ചിരിക്കുന്നത്.

മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതിന് ശ്രീധരന്‍ പിള്ളക്കെതിരെ നടപടിയെടുക്കാന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്കും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും നിര്‍ദേശം നല്‍കണമെന്നാണ് ശിവൻകുട്ടി ഹർജിയിൽ ആവശ്യപ്പെട്ടത്. വിദ്വേഷ പ്രസംഗം നടത്തിയതിന് പൊലീസില്‍ പരാതി നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നും താന്‍ നല്‍കിയ പരാതിയില്‍ വാദം കേട്ട് തീര്‍പ്പ് കല്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നും വി ശിവന്‍കുട്ടി ഹർജിയിൽ ആവശ്യം ഉന്നയിച്ചത്.

ശ്രീധരന്‍ പിള്ള നിയമം ലംഘിച്ചുവെന്നും നടപടിയെടുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പു നല്‍കിയതോടെയാണ് ഹര്‍ജിയിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചത്. രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർധ വളർത്തണമെന്ന ഗൂഢലക്ഷ്യത്തോടെ മനപുർവ്വമാണ് ശ്രീധരൻ പിള്ള പ്രസംഗം നടത്തിയതെന്നാണ് ഹർജിയിലെ ആരോപണം. കേസെടുക്കാൻ മതിയായ തെളിവുണ്ടായിട്ടും പൊലീസിന് നൽകിയ പരാതിയിൽ കേസെടുക്കുന്നില്ലന്നും ഹർജിയിൽ ആരോപിക്കുന്നു . കേസ് കോടതി 24 ന് പരിഗണിക്കും മുസ്ലീം വിരുദ്ധ വർഗീയ പ്രസംഗം നടത്തിയതിന് പി എസ് ശ്രീധരൻ പിള്ളക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ശിവൻകുട്ടി നൽകിയ മറ്റൊരു ഹർജിയിൽ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.