തിരുവനന്തപുരം: അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോള്‍ ഉസ്മാനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നടത്തിയ പൂതന പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടു. ഷാനിമോൾക്കെതിരായ പരാമർശത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ റിപ്പോർട്ട് തേടി. ഡിജിപിയും ആലപ്പുഴ കലക്ടറും അടിയന്തരമായി റിപ്പോർട്ട് സമര്‍പ്പിക്കണമെന്ന് ടിക്കാറാം മീണ ആവശ്യപ്പെട്ടിട്ടുണ്ട്.
ജി.സുധാകരനെതിരെ ഷാനിമോൾ ഉസ്മാൻ നേരത്തെ പരാതി നൽകിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ചുള്ളതായിരുന്നു പരാതി. ഷാനിമോളുടെ പരാതിയിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഇടപെടൽ. പെരുമാറ്റചട്ട ലംഘനത്തിനും സത്യപ്രതിജ്ഞ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: ‘ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു വയ്ക്കും; ജോളി കൂടുതല്‍ കൊലപാതകങ്ങള്‍ ചെയ്യുമായിരുന്നു’
വെളളിയാഴ്ച നടന്ന തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. പൂതനകള്‍ക്കു ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നും കള്ളം പറഞ്ഞും മുതലക്കണ്ണീര് ഒഴുക്കിയുമാണ് യുഡിഎഫ് സ്ഥാനാര്‍ഥി ജയിക്കാന്‍ ശ്രമിക്കുന്നതെന്നുമായിരുന്നു ജി.സുധാകരൻ പറഞ്ഞത്. കഴിഞ്ഞ തവണ 38000 വോട്ടിന് തോറ്റപ്പോഴും സി.ആര് ജയപ്രകാശ് കള്ളം പറഞ്ഞ് വോട്ട് ചോദിച്ചിരുന്നില്ല. ഇത്തവണ എറണാകുളത്ത് നിന്ന് കുറച്ച് സുഹൃത്തുക്കളെ കൊണ്ടുവന്ന് കള്ള പ്രചാരണം നടത്തുകയാണ്. വീണ്ടും അരൂരില്‍ ഒരു ഇടതു എംഎല്‍എയാണ് വേണ്ടതെന്നും സുധാകരന് പറഞ്ഞിരുന്നു.
സംഭവം വിവാദമായതോടെ തിരുത്തലുമായി മന്ത്രി തന്നെ രംഗത്തെത്തി. ഷാനിമോൾ ഉസ്മാൻ തനിക്കു സഹോദരിയെപ്പോലെയാണെന്നു മന്ത്രി ജി.സുധാകരൻ പറഞ്ഞു. ഷാനിമോൾ ഉസ്മാനെതിരെ ‘പൂതന’ പ്രയോഗം നടത്തിയിട്ടില്ല. മാധ്യമങ്ങളാണ് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത്. അടുക്കളയിൽ കയറിയല്ല വാർത്ത എടുക്കേണ്ടത്. ഷാനിമോളെ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
അതേസമയം, ഷാനിമോൾക്കെതിരായ പരാമർശം തിരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരണ വിഷമാക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.