ന്യൂഡൽഹി: മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഏപ്രിൽ 12ന് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. ഏപ്രില്‍ 17നാണ് വോട്ടെണ്ണല്‍. എം.പിയായിരുന്ന ഇ. അഹമ്മദിന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. ഈ മാസം 16ന് മലപ്പുറത്തെ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിയമസഭാ മണ്ഡലമായ ആര്‍കെ നഗറിലും ഇതേദിവസമാണ് വോട്ടെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ച ഒരുക്കങ്ങള്‍ തുടങ്ങിയിരിട്ടുണ്ട്. അതിനുമുമ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരക്കിട്ട നീക്കം നടത്തുന്നത്.

മാർച്ച് 23വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. സൂക്ഷമ പരിശോധന 27ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 29ആണ്. മലപ്പുറം കൂടാതെ ജമ്മുകാശ്മീരിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും വിവിധ സംസ്ഥാനങ്ങളിലെ പന്ത്രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കും. മലപ്പുറത്തും ആർ.കെ നഗറിലും സിക്കിമിലും കശ്മീരിലെ ഒരു മണ്ഡലത്തിലും വോട്ടെടുപ്പ് ഏപ്രിൽ 12 നാണ്. മറ്റിടങ്ങളിൽ ഏപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ്.

മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടി ആണ് ലീഗിന്റെ സ്ഥാനാര്‍ത്ഥി ആകുക എന്നാണ് സൂചന. എം.പിയായിരുന്ന ഇ. അഹമ്മദിന്റെ മകളെ സ്ഥാനാർത്ഥിയാക്കണമെന്ന ചില കോണുകളിൽ നിന്നും അഭിപ്രായം ഉയർന്നിരുന്നുവെങ്കിലും അതിനുളള സാധ്യതയില്ല. ഇ അഹമ്മദിനെ മികച്ച ഭൂരിപക്ഷത്തോടെ ജയിപ്പിച്ച ലോക്സഭാ മണ്ഡലത്തില്‍ ഇടതിന് ചുവടുറപ്പിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായി മാറുമെന്നാണ് കരുതുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ