scorecardresearch

Latest News

തദ്ദേശ തിരഞ്ഞെടുപ്പ്: യുഎപിഎ കേസിൽ അറസ്റ്റിലായ അലന്റെ പിതാവ് ആർഎംപി സ്ഥാനാർഥിയായി മത്സരിക്കും

സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയാണ് ഷുഹൈബ്

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലന്റെ പിതാവ് ഷുഹൈബ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കും. കോഴിക്കോട് കോർപറേഷനിലെ 61-ാം വാർഡിലാണ് ഷുഹൈബ് ആർഎംപി സ്ഥാനാർഥിയായി മത്സരിക്കുന്നത്. രണ്ട് ദിവസത്തിനകം നാമനിർദേശ പത്രിക സമർപ്പിക്കും.

സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയാണ് ഷുഹൈബ്. അലന്റെ അറസ്റ്റിന് പിന്നാലെയാണ് ഷുഹൈബ് സിപിഎമ്മുമായി അകൽച്ചയിലാകുന്നത്. പിന്നീട് സിപിഎമ്മുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. പന്തീരാങ്കാവ് യുഎപിഎ കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അലന്റെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. അലനും താഹയ്‌ക്കുമെതിരെ യുഎപിഎ ചുമത്തിയ പൊലീസ് നടപടിക്കെതിരെ മനുഷ്യാവകാശ പ്രവർത്തകരും വിമർശനമുന്നയിച്ചിരുന്നു.

Read Also: സിഎജി റിപ്പോർട്ട് പുറത്തുവിട്ട നടപടി; പ്രതിപക്ഷം രാഷ്ട്രപതിയെ സമീപിച്ചേക്കും

പന്തീരാങ്കാവ് യുഎപിഎ കേസിൽ തടവിലായിരുന്ന അലനും താഹയും സെപ്‌റ്റംബർ 11 നാണ് ജയിൽമോചിതരായത്. യുഎപിഎ കേസിൽ പത്ത് മാസത്തിനു ശേഷമാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചതിൽ സന്തോഷമെന്നും പിന്തുണ നൽകിയ മാധ്യമങ്ങൾക്ക് നന്ദി ഉണ്ടെന്നും അലനും താഹയും പറഞ്ഞു.

2019 നവംബർ ഒന്നിനാണ് ഇരുവരെയും കോഴിക്കോട് പന്തീരാങ്കാവിൽ വച്ച് പൊലീസ് പിടികൂടിയത്. തുടർന്ന് യുഎപിഎ ചുമത്തി കേസെടുത്തു. ഇരുവരുടെയും വീടുകളിൽ നടത്തിയ റെയ്ഡിൽ മാവോയിസ്റ്റ് രേഖകളും ലഘുലേഖയും ബാനറും വിവരങ്ങളടങ്ങിയ പെൻഡ്രൈവും കണ്ടെത്തിയതായി പൊലീസ് അവകാശപ്പെട്ടിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Election 2020 uapa shuhaib rmp candidate