കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങൾക്ക് എൽഡിഎഫിൽ പരിഹാരമായി. കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗം ഒൻപത് സീറ്റുകളിൽ മത്സരിക്കും. സിപിഎമ്മും ഒൻപത് സീറ്റുകളിലാണ് മത്സരിക്കുക.

നാല് സീറ്റുകളിൽ സിപിഐ മത്സരിക്കും. എൻസിപിക്കും ജനതാദളിനും കോട്ടയം ജില്ലാ പഞ്ചായത്തിൽ സീറ്റില്ല.

ജോസ് കെ.മാണി പക്ഷത്തിനു കൂടി സീറ്റ് നൽകേണ്ടി വന്ന സാഹചര്യത്തിലാണ് എൽഡിഎഫിലെ സീറ്റ് വിഭജനം സങ്കീർണമായത്. നേരത്തെ മത്സരിച്ചതിൽ നിന്ന് രണ്ട് സീറ്റുകൾ വിട്ടുനൽകണമെന്ന് സിപിഐയോട് സിപിഎം ആവശ്യപ്പെട്ടിരുന്നു. ജോസ് കെ.മാണി വിഭാഗത്തിനു നൽകാൻ വേണ്ടിയായിരുന്നു ഇത്.

Read Also: ആശ്വാസ കണക്കുകൾ; സംസ്ഥാനത്ത് ഇന്ന് 6684 പേർക്ക് രോഗമുക്തി, 4581 പുതിയ രോഗികൾ

എന്നാൽ, ജോസ് കെ.മാണി വിഭാഗത്തിനു വേണ്ടി സീറ്റ് വിട്ടുനൽകാൻ തയ്യാറല്ലെന്നായിരുന്നു സിപിഐയുടെ നിലപാട്. ചർച്ചകൾക്കൊടുവിൽ സിപിഐ ഒരു സീറ്റ് വിട്ടുനൽകാൻ ധാരണയായി. നേരത്തെ മത്സരിച്ചതിൽ നിന്ന് ഒരു സീറ്റ് സിപിഎമ്മും ജോസ് കെ.മാണി വിഭാഗത്തിനു വേണ്ടി വിട്ടുനൽകി. ഇതോടെ പ്രശ്‌ന പരിഹാരമായി.

കഴിഞ്ഞ തവണ സിപിഎം പത്ത് സീറ്റിലും സിപിഐ അഞ്ച് സീറ്റിലുമാണ് മത്സരിച്ചത്. കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗം എത്തിയതോടെ കോട്ടയത്ത് എൽഡിഎഫിന് കൂടുതൽ അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.

ജില്ലാ പഞ്ചായത്ത്, പാലാ മുനിസിപ്പാലിറ്റി എന്നിവയിലെ സീറ്റുകള്‍ സംബന്ധിച്ചാണ് തര്‍ക്കം നിലനിന്നിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.