കൊച്ചി:പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ അതിക്രമപരാതിയില്‍ ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമാണോയെന്ന് ആരാഞ്ഞ് ഹൈക്കോടതി. ആദ്യപരാതിയില്‍ ലൈംഗിക പീഡനം ഉണ്ടായിരുന്നോയെന്നും കോടതി ചോദിച്ചു.
എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. കേസ് പരിഗണിക്കുമ്പോള്‍ പരാതിക്കാരിയും കോടതിയിലുണ്ടായിരുന്നു. ആദ്യം നല്‍കിയ പരാതിയില്‍ പീഡനപരാതിയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. പരാതി വായിക്കുമ്പോള്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണെന്നാണ് തോന്നുന്നതെന്നും കോടതി നിരീക്ഷിച്ചു.
പരാതി വായിച്ചപ്പോള്‍ സിനിമാക്കഥപോലെ തോന്നിയെന്നും ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്നും കോടതി പരാമര്‍ശിച്ചു. വധശ്രമം ചുമത്തിയ വകുപ്പ് എങ്ങനെ കേസില്‍ നിലനില്‍ക്കുമെന്നും കോടതി ചോദിച്ചു. എം.എല്‍.എ. കേസുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതിഭാഗം വാദങ്ങള്‍ കൂടെ പരിഗണിച്ച ശേഷം ജാമ്യത്തില്‍ തീരുമാനം ഉണ്ടാകും
അഭിഭാഷകരെ പ്രതിചേര്‍ത്ത പൊലീസ് നടപടി ഹൈക്കോടതി തടഞ്ഞു
അതേസമയം എംഎല്‍എക്കെതിരായ പീഡന കേസിലെ പരാതിക്കാരിയെ മര്‍ദ്ദിച്ചെന്നക്കേസില്‍ പ്രതിഭാഗം അഭിഭാഷകരെ പ്രതിചേര്‍ത്ത പൊലീസ് നടപടി ഹൈക്കോടതി തടഞ്ഞു. അഭിഭാഷകരായ ജോസ് ജെ ചെരുവില്‍, അലക്‌സ് എം സക്കറിയ, പി എസ് സുനീര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ജസ്റ്റിസ് ഡോക്ടര്‍ കൗസര്‍ ഇടപാഗത്തിന്റെ ഇടക്കാല ഉത്തരവ്. പരാതിക്കാരിയെ അഭിഭാഷകരുടെ ഓഫീസില്‍ വച്ച് മര്‍ദ്ദിച്ചുവെന്നാണ് കേസ്. വഞ്ചിയൂര്‍ പോലീസിന്റെ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.കേസില്‍ പരാതിക്കാരിക്ക് കോടതി നോട്ടീസ് അയച്ചൂ. കേസില്‍ മജിസ്ട്രേറ്റിനു നല്‍കിയ മൊഴിയില്‍ തങ്ങള്‍ക്കെതിരെ പരാമര്‍ശമില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകരുടെ ഹര്‍ജി.