തിരുവനന്തപുരം: പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസില്‍ എല്‍ദോസടക്കം മൂന്ന് പ്രതികളാണുള്ളത്. പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന അധ്യാപികയുടെ പരാതിയില്‍ എംഎല്‍എക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
ഇന്നലെ വഞ്ചിയൂര്‍ കോടതിയിലാണ് യുവതി മൊഴി നല്‍കിയത്. എംഎല്‍എ തന്നെ കോവളത്ത് കാറില്‍ വെച്ച് കൈയ്യേറ്റം ചെയ്‌തെന്നും മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലുണ്ട്. കാറില്‍ വെച്ച് തന്നെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ താന്‍ പരാതി നല്‍കിയതോടെ ഒത്തുതീര്‍ക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായെന്നും പണം വാഗ്ദാനം ചെയ്‌തെന്നും യുവതി പറഞ്ഞു.
കോവളത്ത് വെച്ച് കാറില്‍ യാത്ര ചെയ്യുമ്പോള്‍ മര്‍ദ്ദിച്ചുവെന്നാണ് ഒരാഴ്ച മുന്‍പ് സ്ത്രീ നല്‍കിയ പരാതി. എന്നാല്‍ സംഭവത്തില്‍ മൊഴി നല്‍കാന്‍ എത്തിയില്ലെന്ന് പൊലീസ് പറയുന്നത്. യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് സുഹൃത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കാണാതായെന്ന പരാതിയില്‍ കേസെടുത്ത സാഹചര്യത്തില്‍ യുവതിയെ കൂട്ടിക്കൊണ്ടുവന്ന പൊലീസ് ഇവരെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി. മജിസ്‌ട്രേറ്റിന് മുന്‍പില്‍ എത്തിയപ്പോഴാണ് യുവതി എംഎല്‍എക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. എംഎല്‍എ പല സ്ഥലങ്ങളില്‍ തന്നെ കൊണ്ടുപോയി പീഡിപ്പിച്ചെന്നും, കാറില്‍ വെച്ച് കൈയ്യേറ്റം ചെയ്‌തെന്ന പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്‌തെന്നും ഡിജിറ്റല്‍ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ഇവര്‍ മജിസ്‌ട്രേറ്റിന് മൊഴി നല്‍കി.
പൊലീസിനെതിരെയും സ്ത്രീ പരാതി ഉന്നയിച്ചു. ഒരാഴ്ച മുന്‍പ് പരാതി നല്‍കിയെങ്കിലും കേസ് ഒത്തുതീര്‍ക്കാന്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടായെന്ന് അവര്‍ പറഞ്ഞു. ഒരു തരത്തിലുള്ള അട്ടിമറിയും നടന്നിട്ടില്ലെന്നും രണ്ട് തവണ മൊഴി നല്‍കാന്‍ വിളിപ്പിച്ചെങ്കിലും സ്ത്രീ തയ്യാറായില്ലെന്നും ബന്ധുക്കളുമായി ചര്‍ച്ച ചെയ്ത ശേഷം മൊഴി രേഖപ്പെടുത്താമെന്നുമാണ് പരാതിക്കാരി പറഞ്ഞതെന്നും പൊലീസ് പറയുന്നു. ഒന്നര വര്‍ഷത്തോളമായി എംഎല്‍എയുമായി സൗഹൃദമുണ്ടെന്ന് സ്ത്രീ പറഞ്ഞതായാണ് പൊലീസ് ഭാഷ്യം. പരാതിക്കാരി ലൈംഗിക പീഡനം നടന്നതായി മൊഴി നല്‍കിയാല്‍ തക്കതായ വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം സംഭവത്തെ കുറിച്ച് അറിയില്ലെന്നും പോലീസ് അന്വേഷിക്കട്ടെ എന്നുമാണ് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ പ്രതികരണം.