തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിലിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. ആറു മാസത്തേക്കാണ് കെപിസിസി, ഡിസിസി അംഗത്വത്തിൽനിന്നുമുള്ള സസ്പെൻഷൻ. എംഎൽഎയുടെ വിശദീകരണം പൂർണമായും തൃപ്തികരമല്ലെന്ന് കെപിസിസി അറിയിച്ചു.
പീഡനാരോപണത്തിൽ എൽദോസ് കുന്നപ്പിള്ളിലിനോട് കെപിസിസി വിശദീകരണം തേടിയിരുന്നു. യുവതിയെ പീഡിപ്പിച്ചെന്ന പരാതി ശരിയല്ലെന്നും നിരപരാധിയാണെന്നുമാണ് എല്‍ദോസ് കെപിസിസി നേതൃത്വത്തെ അറിയിച്ചത്.
കേസ് രാഷ്ട്രീയ പ്രേരിതമാണ്, പിആര്‍ ഏജന്‍സി ജീവനക്കാരിയെന്ന നിലയിലാണ് യുവതിയെ പരിചയപ്പെട്ടത്. പിന്നീട് സൗഹൃദത്തിലായി. യുവതിയെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. രാഷ്ട്രീയമായി തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരാതി നല്‍കിയതെന്നും എല്‍ദോസ് കെപിസിസിക്ക് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു.
എല്‍ദോസ് കുന്നപ്പിള്ളിൽ ശാരീരികമായി മര്‍ദിച്ചുവെന്ന് ആരോപിച്ച് പേട്ട നിവാസിയായ അധ്യാപികയാണ് പൊലീസില്‍ പരാതി നല്‍കിയത്. മദ്യപിച്ചു വീട്ടിലെത്തിയ എംഎല്‍എ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നു പരാതിയില്‍ പയുന്നു. തുടര്‍ന്നു കാറില്‍ ബലമായി കയറ്റി കോവളത്തേക്കു കൊണ്ടുപോയെന്നും ഇതിനിടെയും ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു.
കേസിൽ തിരുവനന്തപുരം അഡീഷണണല്‍ സെഷന്‍സ് കോടതിയാണ് എൽദോസ് കുന്നപ്പിള്ളിക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണമെന്നും അന്വേഷണത്തില്‍ ഒരു തരത്തിലുള്ള ഇടപെടലും നടത്തരുതെന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.