/indian-express-malayalam/media/media_files/uploads/2019/07/Eldho-Abraham-MLA-1.jpg)
കൊച്ചി: ലാത്തിചാര്‍ജ്ജില്‍ കൈക്ക് ക്ഷതമേറ്റെന്ന് പറഞ്ഞത് കള്ളമാണെന്ന പൊലീസ് റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ദോ എബ്രഹാം എംഎല്‍എ. കൈയ്ക്ക് പൊട്ടലുണ്ടെന്ന സിടി സ്‌കാന്‍ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറിനായി കലക്ടറേറ്റിലെത്തിയതായിരുന്നു എംഎല്‍എ.
എന്തും എഴുതിവെക്കാന്‍ സ്വാതന്ത്രമുള്ളവരും എന്തും വഴി തിരിച്ചുവിടാന്‍ വൈഭവമുള്ളവരുമാണ് പൊലീസുകാരെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടത്തിയ സ്‌കാനിങ്ങില്‍ എല്‍ദോയുടെ കൈയ്ക്ക് പൊട്ടലില്ലെന്ന് കണ്ടെത്തിയെന്നായിരുന്നു പൊലീസിന്റെ റിപ്പോര്‍ട്ട്. ഇതോടെയാണ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ എംഎല്‍എ എത്തിയത്.
ആരോപണത്തെ തുടര്‍ന്ന് മൂവാറ്റുപുഴയിലെ സ്വാകാര്യ ആശുപത്രിയില്‍ സിടി സ്‌കാന്‍ നടത്തിയെന്നും ഇടത് കൈമുട്ടിന് താഴെ പൊട്ടലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും എല്‍ദോ പറഞ്ഞു. നേരത്തെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴും ഡോക്ടര്‍ പറഞ്ഞത് ഏഴുദിവസത്തെ വിശ്രമം വേണമെന്നാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കൈയ്ക്ക് പരിക്കേറ്റിട്ടില്ലെന്ന് വ്യാപകമായ പ്രചാരണമുണ്ട്. അത് തെറ്റാണ്. കയ്യ് ഒടിഞ്ഞു എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് എല്‍ദോ എബ്രഹാം പറഞ്ഞു. ഫ്രാക്ചര്‍ ഉണ്ടെന്ന് മാത്രമാണ് പറഞ്ഞത്. വ്യാജപ്രചാരണത്തിനെതിരായാണ് രേഖകള്‍ നല്‍കുന്നതെന്നും എല്‍ദോ മാധ്യമങ്ങളോട് പറഞ്ഞു.
എല്‍ദോ എബ്രഹാം എം.എല്‍.എ ഉള്‍പ്പെടെയുള്ള സിപിഐ നേതാക്കള്‍ക്കു ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ സംഭവത്തില്‍ പൊലീസിനെതിരെ ജില്ലാ കലക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എംഎല്‍എയ്ക്കു മര്‍ദനമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്നും പൊലീസിനു വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസ് മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പ്രത്യേക ദൂതന്‍ മുഖാന്തിരമാണ് കളക്ടര്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കൈമാറിയത്.
'സി.പി.ഐ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് വ്യാപകമായ മര്‍ദ്ദനം അഴിച്ചുവിട്ടു. ഡിഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്ന വിവരം അന്നു രാവിലെയാണ് പൊലീസ് അറിഞ്ഞത്. സംഘര്‍ഷ സാധ്യതയുണ്ടായിട്ടും മജിസ്റ്റീരിയല്‍ അധികാരമുള്ള ആരെയും സ്ഥലത്തേക്കു വിളിച്ചില്ല.'- റിപ്പോര്‍ട്ടില്‍ പറയുന്നു.
മാര്‍ച്ച് നടത്തിയ സിപിഐ നേതാക്കള്‍ക്കെതിരെ എഫ്ഐആര്‍ നേരത്തേ ചുമത്തിയിരുന്നു. എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു ഒന്നാം പ്രതിയും എല്‍ദോ രണ്ടാം പ്രതിയുമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.