കോഴിക്കോട്: കേരളത്തിലെത്തിയത് യാദൃശ്ചികമായാണെന്ന് എലത്തൂർ ട്രെയിൻ തീവെയ്പ് കേസിലെ പ്രതിയുടെ മൊഴി. ദക്ഷിണേന്ത്യയിലെ ഏതെങ്കിലും സംസ്ഥാനമാണ് ലക്ഷ്യമിട്ടതെന്നുമാണ് മൊഴി.ആക്രമണം നടത്തുന്നതിനായി ഷാരൂഖ് നാലു ലിറ്റര്‍ പെട്രോള്‍ വാങ്ങിയിരുന്നതായും അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് തൊട്ടടുത്ത പമ്പ് ഒഴിവാക്കി ഒന്നരക്കിലോമീറ്റര്‍ മാറിയുള്ള ഇന്ത്യന്‍ ഓയില്‍ പമ്പില്‍നിന്നാണ് പെട്രോള്‍ വാങ്ങിയത്. അന്വേഷണ സംഘം പമ്പിലെത്തി പ്രതിയെത്തിയതിന്റെ സിസിടിവി. ദൃശ്യങ്ങള്‍ ശേഖരിച്ചു. സംഭവദിവസം വൈകീട്ട് ആറരയോടെ ഓട്ടോയിലെത്തിയാണ് പ്രതി പമ്പില്‍നിന്ന് പെട്രോള്‍ വാങ്ങിയത്.
ഡല്‍ഹിയില്‍നിന്ന് ഞായറാഴ്ച ഷൊര്‍ണൂരിലാണ് പ്രതി ആദ്യമെത്തിയത്. ഷൊര്‍ണൂര്‍ പമ്പില്‍വെച്ച് പെട്രോള്‍ വാങ്ങി ടിക്കറ്റെടുക്കാതെ സംഭവം നടന്ന എക്സിക്യുട്ടീവ് എക്സ്പ്രസില്‍ കയറിയെന്നും ഷാരൂഖ് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് റെയില്‍വേ സ്റ്റേഷന്‍ അടക്കമുള്ള സ്ഥലങ്ങളിലെ സി.സി.ടി.വി. ഉള്‍പ്പെടെയുള്ളവ പരിശോധിച്ചത്.
തീവച്ചശേഷം ഡി1, ഡി2 ബോഗികളെ ബന്ധിപ്പിക്കുന്ന വഴിയിലാണ് ഇയാള്‍ ബാഗ് വച്ചിരുന്നത്. തിരിച്ചെടുക്കാനായിരുന്നു പദ്ധതിയെങ്കിലും യാത്രക്കാര്‍ പരിഭ്രാന്തരായി ഓടുന്നതിനിടെ ബാഗ് താഴെ വീണെന്നും മൊഴി. മൊഴികള്‍ വിശ്വാസത്തിലെടുക്കാതെ അന്വേഷണസംഘം, ചോദ്യം ചെയ്യല്‍ തുടരുകയാണ്.
മാലൂർകുന്ന് എ.ആർ. ക്യാമ്പിലാണ് ചോദ്യം ചെയ്യൽ. ഇന്നലെ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരമൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ആക്രമണത്തിനു പിന്നിലെ ഉദ്ദേശ്യമെന്ത്, ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ, ഗൂഢാലോചന ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തതയില്ല.
താൻ ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നാണ് ഷാരൂഖ് അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി. അന്വേഷണ സംഘം ഈ മൊഴി വിശ്വസിച്ചിട്ടില്ല. ഡൽഹിയിൽനിന്ന് ഞായറാഴ്ചയാണ് ഷൊർണൂരിൽ എത്തിയതെന്നാണ് ഷാരൂഖ് നൽകിയ മൊഴി. ഇതിലും അന്വേഷണ സംഘത്തിന് സംശയമുണ്ട്. അതുമായി ബന്ധപ്പെട്ട് റെയിൽവേ സ്റ്റേഷൻ അടക്കമുള്ള സ്ഥലങ്ങളിലെ സി.സി.ടി.വി. ഉൾപ്പെടെയുള്ളവ പരിശോധിക്കുന്നുണ്ട്.
ഷാരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി എഡിജിപി എം.ആർ.അജിത്ത് കുമാർ ഇന്നലെ വ്യക്തമാക്കിയിരുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ട്രാക്കിൽ കണ്ടെത്തിയ ബാഗ് ഷാരൂഖിന്റെ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണവിവരങ്ങൾ എ.ഡി.ജി.പി. കണ്ണൂരിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചു.
ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടെത്തിയതോടെ ഷാരൂഖിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് എസ്.വി. മനേഷ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയാണ് കസ്‌റ്റഡിയിൽ വിട്ടത്. വൈകുന്നേരം കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
കോടതി ഷാരൂഖ് സെയ്ഫിയെ 11 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. 14 ദിവസത്തെ കസ്റ്റഡിയായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ഏപ്രിൽ 28 വരെയാണ് ഷാരൂഖിന്റെ റിമാന്‍ഡ് കാലാവധി. തീവെയ്പിനിടെ തീവണ്ടിയിൽനിന്ന് മൂന്നുപേർ വീണുമരിച്ച കേസിൽ ഷാരൂഖിന്റെപേരിൽ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്.