കൊച്ചി: നരബലി എന്ന് സംശയിക്കപ്പെടുന്ന ഇലന്തൂരിലെ ഇരട്ടക്കൊലപാതകത്തിന് ശേഷം ഇരകളുടെ മാംസം ഭക്ഷിച്ചെന്ന ആരോപണം നിഷേധിച്ച് പ്രതികള്‍. പ്രതികളായ ഭഗവല്‍സിങ്ങും ലൈലയും മനുഷ്യമാംസം കഴിച്ചിട്ടില്ല എന്ന് ആവര്‍ത്തിച്ചു. പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്ന കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്ന വഴി കാക്കനാട് ജില്ലാ ജയിലിന്റെ പരിസരത്ത് വച്ചാണ് പ്രതികള്‍ മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.
ഇരുവേരെയും ജയിലില്‍ നിന്ന് പുറത്തെത്തിച്ചപ്പോഴാണ് മനുഷ്യമാംസം കഴിച്ചോ എന്നത് സംബന്ധിച്ച ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ഭഗവല്‍സിങ്ങിനോട് ചോദിച്ചത്. ഇല്ലാ എന്നായിരുന്നു മറുപടി. ലൈലയോടും സമാന ചോദ്യം ആവര്‍ത്തിച്ചപ്പോഴും ഇല്ല എന്ന തന്നെയായിരുന്നു പ്രതികരണം. ഷാഫിയുടെ പങ്ക് സംബന്ധിച്ച് ചോദ്യത്തിനോട് ഇരുവരും പ്രതികരിച്ചില്ല. നരബലി നടത്തിയെന്നും മനുഷ്യമാംസം ഭക്ഷിച്ചെന്നും പറയാന്‍ പൊലീസ് നിര്‍ബന്ധിച്ചെന്ന് പ്രതികളുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
പ്രതികളെ 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പൊലീസിന്റ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് എറണാകുളം മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. 24-ാം തീയതി വരെയാണ് കസ്റ്റഡി കാലാവധി. എല്ലാ ദിവസവും പ്രതികളെ കാണാന്‍ അനുവദിക്കണമെന്ന പ്രതികളുടെ അഭിഭാഷകന്‍ ബി. ആളൂരിനെ കോടതി വിമര്‍ശിച്ചു. കോടതിക്ക് മേല്‍ അഭിഭാഷകന്‍ നിര്‍ദേശം വയ്ക്കേണ്ട കാര്യമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
ദേവീപ്രീതിക്ക് വേണ്ടിയാണ് സ്ത്രീകളെ കൊലപ്പെടുത്തിയതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പത്മയെ കൊലപ്പെടുത്തിയത് പ്രതികളായ ഷാഫിയും ലൈലയും ചേര്‍ന്നാണെന്നും ഒപ്പം കൊല്ലപ്പെട്ട രണ്ടാമത്തെ സ്ത്രീയായ റോസ്ലിയും ഉണ്ടായിരുന്നെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പത്മയുടെ മൃതദേഹം 56 കഷ്ണങ്ങളാക്കിയാണ് കുഴിച്ചിട്ടതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. റോസ്ലിയെ കഴുത്തറത്താണ് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹത്തിന്റെ മാറിടം പ്രതിയായ ഭഗവല്‍ സിങ് മുറിച്ചുമാറ്റിയെന്നാണ് റിപ്പോര്‍ട്ട്.