scorecardresearch

ഇലന്തൂര്‍ ഇരട്ടക്കൊലപാതകം: അന്വേഷണത്തിന് പ്രത്യേക സംഘം

കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ എസ് ശശിധരന്റെ നേതൃത്വത്തിലാണു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്

ഇലന്തൂര്‍ ഇരട്ടക്കൊലപാതകം: അന്വേഷണത്തിന് പ്രത്യേക സംഘം
കൊലപാതകം നടന്ന വീടും പരിസരവും പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു

തിരുവനന്തപുരം: ഇലന്തൂരില്‍ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ട നരബലിയെന്നു സംശയിക്കപ്പെടുന്ന സംഭവങ്ങള്‍ പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും. കടവന്ത്ര, കാലടി സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ എസ് ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണു വിട്ടിരിക്കുന്നത്.

പെരുമ്പാവൂര്‍ എ എസ് പി അനൂജ് പാലിവാളാണു മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍. എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ സി ജയകുമാര്‍, കടവന്ത്ര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബൈജു ജോസ്, കാലടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ് എന്‍ എ എന്നിവര്‍ അന്വേഷണ ഉദ്യോഗസ്ഥരുമാണ്.

എളമക്കര സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ എയിന്‍ ബാബു, കാലടി സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ബിപിന്‍ ടി ബി എന്നിവരും സംഘത്തിലുണ്ട്. ക്രമസമാധാനവിഭാഗം എ ഡി ജി പിയുടെ നേരിട്ടുളള മേല്‍നോട്ടത്തിലായിരിക്കും അന്വേഷണസംഘം പ്രവര്‍ത്തിക്കുക.

അതിനിടെ, ദേവീപ്രീതിക്ക് വേണ്ടിയാണ് സ്ത്രീകളെ കൊലപ്പെടുത്തിയതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പത്മയെ കൊലപ്പെടുത്തിയത് പ്രതികളായ ഷാഫിയും ലൈലയും ചേര്‍ന്നാണെന്നും ഒപ്പം കൊല്ലപ്പെട്ട രണ്ടാമത്തെ സ്ത്രീയായ റോസ്ലിയും ഉണ്ടായിരുന്നെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പത്മയുടെ മൃതദേഹം 56 കഷ്ണങ്ങളാക്കിയാണ് കുഴിച്ചിട്ടതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. റോസ്ലിയെ കഴുത്തറത്താണ് കൊലപ്പെടുത്തിയത്. ശേഷം മ‍ൃതദേഹത്തിന്റെ മാറിടം പ്രതിയായ ഭഗവല്‍ സിങ് മുറിച്ചുമാറ്റിയെന്നാണ് റിപ്പോര്‍ട്ട്. പ്രതികളായ ഷാഫി, ലൈല, ഭഗവല്‍ സിങ് എന്നിവരെ രണ്ട് ആഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. മൂവരേയും കാക്കാനാട് സബ് ജയിലിലേക്കു മാറ്റി.

കേസില്‍ മുഖ്യപ്രതി മുഹമ്മദ് ഷാഫിയാണെന്നും ഇയാള്‍ ലൈംഗിക വൈകൃതത്തിന് അടിമയായിരുന്നുവെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു പറഞ്ഞു. സി സി ടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസില്‍ വഴിത്തിരിവായതെന്നും കമ്മിഷണർ പറഞ്ഞു.

കടവന്ത്രയില്‍ താമസിച്ചിരുന്ന ലോട്ടറി വില്‍പ്പനക്കാരിയായിരുന്ന പദ്മത്തെ ഷാഫി വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുന്നതിന്റെ സി സി ടിവി ദൃശങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇതിനു പിന്നാലെ ഷാഫിയെ പൊലീസ് ചോദ്യം ചെയ്തെങ്കിലും വിവരങ്ങള്‍ ലഭിക്കാതെ വന്നതോടെയാണ് പദ്മത്തിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. ഇലന്തൂരിലെ ഭഗവൽ സിങ്-ലൈല ദമ്പതികളെ കണ്ടെത്തി ചോദ്യം ചെയ്തതാണ് കേസില്‍ നിര്‍ണായകമായതെന്നും കൊച്ചി കമ്മിഷണർ പറഞ്ഞു.

 മുഹമ്മദ് ഷാഫിക്ക് ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്. ഇയാള്‍ പോകാത്ത ഇടങ്ങളും ചെയ്യാത്ത ജോലികളുമില്ലെന്നു പൊലീസ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ പോയി താമസിച്ച് തിരികെ എത്തിയ പ്രതി കടവന്ത്ര ഗാന്ധിനഗറിലാണ് അവസാനമായി താമസിച്ചത്. പുത്തന്‍കുരിശില്‍ വയോധികയെ കൊലപ്പെടുത്തിയതും മദ്യപിച്ച് വാഹനം ഓടിക്കുന്നതുള്‍പ്പെടെ നേരത്തെ പത്തോളം കേസുകള്‍ ഷാഫിക്കെതിരെയുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Elanthoor twin murder case special investigation team formed

Best of Express