പത്തനംതിട്ട: ഇലന്തൂരിലെ നരബലിയെന്നു കരുതുന്ന ഇരട്ടക്കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഡമ്മി പരിശോധനയ്ക്കു പൊലീസ്. കൊല്ലപ്പെട്ടവരുടെ സമാന വലുപ്പത്തിലുള്ള ഡമ്മി ഇലന്തൂരിലെ വീട്ടിലെത്തിച്ചു.
പ്രതികള്‍ നേരത്തെ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണു ഡമ്മി ഉപയോഗിച്ച് കൊലപാതകം പുനരാവിഷ്കരിക്കുക. എങ്ങനെയാണു കൃത്യം നടത്തിയെന്നതു സംഭവസ്ഥലത്തുവച്ച് ചെയ്തുകാണിക്കാൻ പൊലീസ് പ്രതികളോട് ആവശ്യപ്പെടും.
രണ്ടു സ്ത്രീകൾ കൊല്ലപ്പെട്ട ഭഗവൽ സിങ്ങിനെ വീട്ടിലും പറമ്പിലും പൊലീസ് പരിശോധന നടത്തി. കൂടുതല്‍ കൊലപാതകം നടന്നിട്ടുണ്ടോ എന്ന സംശയത്തെത്തുടര്‍ന്നായിരുന്നു പരിശോധന. ഡോഗ് സ്ക്വാഡിലെ മായ, മര്‍ഫി നായ്ക്കളെ ഉപയോഗിച്ചായിരുന്നു പരിശോധന.
പറമ്പില്‍ പലഭാഗങ്ങളിലായി മഞ്ഞള്‍ നട്ടിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടോയെന്നു സംശയം ദുരീകരിക്കുകയായിരുന്നു പൊലീസ് നീക്കത്തിനു പിന്നില്‍. ഭഗവല്‍ സിങ്ങിന്റെ ഉടമസ്ഥതയിലുള്ള ഒന്നരയേക്കറോളം സ്ഥലത്താണു പരിശോധന നടന്നത്. എന്നാൽ അസ്വഭാവികമായതൊന്നും കണ്ടെത്തിയില്ല.
മൃതദേഹം കണ്ടെത്തുന്നതില്‍ പരിശീലനം നേടിയ പൊലീസ് നായകൾ സൂചന നല്കിയ മാര്‍ക്ക് ചെയ്തിരുന്നു. വീടിനോടു ചേര്‍ന്ന തിരുമ്മല്‍ കേന്ദ്രത്തിന്റെ വടക്കുഭാഗത്താണിത്. ഇവിടെ കുഴിയെടുത്ത് പരിശോധിച്ചു.
പൊലീസ് നായകള്‍ ഭഗവല്‍ സിങ്ങിന്റെ വീടിനു സമീപത്തെ കാവിലേക്ക് ഓടിപ്പോയിരുന്നു. ഭഗവല്‍ സിങ്ങിന്റെ ഭാര്യ ലൈല നരബലിക്കു ശേഷം ഇവിടെ രക്തം ഒഴുക്കിയെന്നു വെളിപ്പെടുത്തിയെന്നാണു പൊലീസ് പറയുന്നത്. വീടിനുള്ളില്‍ ഫൊറന്‍സിക് പരിശോധനയും നടത്തി.
കൂടുതല്‍ മരണങ്ങളുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡിജിപി അനില്‍കാന്ത് വ്യക്തമാക്കിയിരുന്നു. കൂടുതല്‍ മൃതദ്ദേഹങ്ങളുണ്ടോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായും വിശദമായാണ് അന്വേഷണം നടക്കുന്നതെന്നും തെളിവെടുപ്പ് ഇന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മൂന്നു പ്രതികളെയും പൊലീസ് ചോദ്യം ചെയ്തതില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെങ്കിലും ധാരാളം പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് പൊലീസ് നല്കുന്ന സൂചന. മുഖ്യപ്രതി ഷാഫി ചോദ്യം ചെയ്യലിനോട് ഇപ്പോഴും സഹകരിക്കുന്നില്ല. ഇയാളില്‍നിന്നും ഇനിയും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
എറണാകുളം ജില്ലയില്‍ നിന്ന് കാണാതായ രണ്ട് സത്രീകളാണ് നരബലിക്ക് ഇരയായത്. കാലടി സ്വദേശിയായ റോസ്ലിന്, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മയുമാണ് കൊല്ലപ്പെട്ടത്. സംഭവം നടന്ന വീടിന്റെ മുന്‍വശത്തു നിന്നാണ് പത്മത്തിന്റെ മൃതശരീരത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. വീടിന്റെ പിന്‍വശത്ത് അലക്കുകല്ലിനോട് ചേര്‍ന്നാണ് റോസ്ലിയുടെ മൃതദോവശിഷ്ടങ്ങള് കണ്ടെത്തിയത്.
മുഖ്യപ്രതി മുഹമ്മദ് ഷാഫിയെയും ഭഗവല്‍ സിങ്ങിനെയും ലൈലയെയും പൊലീസ് സംഭവസ്ഥലത്ത് എത്തിച്ചിട്ടുണ്ട്. മൂന്നു വ്യത്യസ്ത വാഹനങ്ങളിലായാണ് ഇവരെ കൊണ്ടുവന്നത്. ഈ സമയം വലിയ പ്രതിഷേധമുയര്‍ന്നു. നാട്ടുകാരും കോണ്‍ഗ്രസ്, ബി ജെ പി പ്രവര്‍ത്തകര്‍ പ്രതികള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണു വിന്യസിച്ചിരിക്കുന്നത്.
മായയും മര്‍ഫിയും കേരളാ പൊലീസിന്റെ അഭിമാനം
കേരള പൊലീസിന്റെ അഭിമാനമായ മായയും മര്‍ഫിയും 2020 മാര്‍ച്ചിലാണു സേനയുടെ ഭാഗമായത്. ബല്‍ജിയം മല്‍നോയിസ് എന്ന വിഭാഗത്തില്‍ പെട്ട ഇവയ്ക്കു 40 അടി താഴെ വരെ ആഴത്തിലുള്ള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താന്‍ കഴിവുള്ളവയാണ്. എത്രമാത്രം പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും കണ്ടെത്താന്‍ ഇവയ്ക്കു കഴിയും.
തൃശൂരിലെ കേരള പൊലീസ് അക്കാദമിയിലാണു മായ എന്ന് വിളിപ്പേരുളള ലില്ലിയും മര്‍ഫിയും പരിശീലനം നേടിയത്.ഊര്‍ജ്വസ്വലതയിലും ബുദ്ധികൂര്‍മതയിലും വളരെ മുന്നിലുള്ള ബല്‍ജിയം മല്‍നോയിസ് വിഭാഗത്തില്‍ പെട്ട നായ്ക്കള്‍ക്കു മണിക്കൂറുകളോളം തുടര്‍ച്ചയായി ജോലി ചെയ്യാന്‍ കഴിയും.
പ്രകൃതിദുരന്തം നാശം വിതച്ച പെട്ടിമുടിയില്‍ എട്ട് മൃതദേഹങ്ങള്‍ മണ്ണിനടിയില്‍നിന്ന് കണ്ടെത്തിയതു മായ ആയിരുന്നു. മൂന്നു മാസത്തെ മാത്രം പരിശീലനത്തിനു ശേഷമാണു മായ ഈ ദൗത്യത്തിനിറങ്ങിയത്. കൊക്കിയാറിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ മായയോടൊപ്പം മര്‍ഫിയും ഉണ്ടായിരുന്നു.
ഹവില്‍ദാര്‍ പി പ്രഭാതും പൊലീസ് കോണ്‍സ്റ്റബിള്‍ ബോണി ബാബുവുമാണു മായയുടെ പരിശീലകര്‍. മര്‍ഫിയെ പരിപാലിക്കുന്നതു സിവില്‍ പൊലീസ് ഓഫീസര്‍ ജോര്‍ജ് മാനുവല്‍ കെ എസ്, പൊലീസ് കോണ്‍സ്റ്റബിള്‍ നിഖില്‍കൃഷ്ണ കെ ജി എന്നിവരാണ്.