ഇലന്തൂരിലെ നരബലിക്കായി ഇരകളെ എത്തിച്ച ഏജന്റ് ഷാഫി സമീപിച്ചത് ലോട്ടറി വില്പനക്കാരായ സ്ത്രീകളെ. ലോട്ടറി വില്പന നടത്തുന്ന പൊന്നുരുന്നി സ്വദേശി പത്മം, ഇടുക്കി സ്വദേശിയും കാലടിയില്‍ താമസക്കാരിയുമായ റോസ്ലി എന്നിവരെ സമീപിച്ചത് കൂടാതെ ഷാഫി കൂടുതല്‍ ലോട്ടറി തൊഴിലാളികളെ സമീപിച്ചിരുന്നതായി കടവന്ത്രയിലെ ലോട്ടറി തൊഴിലാളികളുടെ വെളിപ്പെടുത്തല്‍. പത്മത്തെ കാണാനില്ലെന്ന മകന്റെ പരാതിയില്‍ കടവന്ത്രയില്‍ അന്വേഷണത്തിന് എത്തിയ പൊലീസ് സംഘത്തിനോട് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇവര്‍ പറഞ്ഞിരുന്നു.

കടവന്ത്രയില്‍ കട നടത്തിയിരുന്ന ഷാഫി തിരുവല്ലയിലേക്ക് പോകണമെന്ന് പറഞ്ഞ് മൂന്ന് നാല് പേരെ സമീപിച്ചിരുന്നതായി തൊഴിലാളികള്‍ പൊലീസിനെ അറിയിച്ചു. ഷാഫിയെ ഇവര്‍ക്ക് മുന്‍ പരിചയവുമുണ്ടായിരുന്നു. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ തിരുവല്ലയില്‍ എത്തിച്ചത്. ഇക്കാര്യം പൊലീസ് പറഞ്ഞപ്പോഴാണ് സംഭവത്തിന് പിന്നില്‍ ഷാഫിയാണെന്ന് ലോട്ടറി തൊഴിലാളികള്‍ക്ക് മനസ്സിലായത്.
തിരുവല്ലയിലേക്ക് പോകാം. അവിടെ ഒരു ഭാര്യയും ഭര്‍ത്താവുമുണ്ട്. അയാള്‍ക്ക് തോട്ടങ്ങളും കാര്യങ്ങളുമൊക്കെയുണ്ട്. നമുക്കൊരു രണ്ട് ലക്ഷം രൂപ വരെ വാങ്ങിച്ചെടുക്കാം. ഒരു ലക്ഷം രൂപ എനിക്ക് തരാമെന്ന് പറഞ്ഞു. രാത്രി ചെന്നില്ലെങ്കില്‍ എന്നെ വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞ് ഞാനൊഴിഞ്ഞു’ ഷാഫി സമീപിച്ച ഒരു സ്ത്രീ മാതൃഭൂമി ന്യൂസിനോടാണ് പ്രതികരിച്ചത്.

നരബലിക്ക് പിന്നില്‍ ഷാഫി എന്ന റഷീദ് ആണെന്ന് പ്രാഥമികമായ നിഗമനം. ഇയാള്‍ ശ്രീദേവി എന്ന പേരില്‍ ഷാഫി ഫെയ്സ്ബുക്കില്‍ ഒരു വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭഗവല്‍ സിങ്ങുമായും ലൈലയുമായും ബന്ധമുണ്ടാക്കുകയായിരുന്നു. ഭഗവല്‍ സിങ്ങുമായി നല്ല ബന്ധം സ്ഥാപിച്ച ശേഷം പെരുമ്പാവൂരില്‍ ഒരു സിദ്ധനുണ്ടെന്നും അയാളുടെ പേര് റഷീദ് എന്നാണെന്നും ഷാഫി ഇവരോടു പറഞ്ഞു. റഷീദിനെ പരിചയപ്പെടുന്നത് നല്ലതാണെന്നും അതിലൂടെ കുടുംബത്തില്‍ കൂടുതല്‍ സമ്പത്തും ഐശ്വര്യവും കൊണ്ടുവരാനാകുമെന്നും ഭഗവല്‍ സിങ്ങിനെയും ലൈലയെയും പറഞ്ഞുവിശ്വസിപ്പിച്ചതാണ് കൊലപാതകങ്ങള്‍ക്ക് കാരണമായത്.