ഏറ്റവും കൂടുതല്‍ കാലം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാര്‍ക്ക് ഇന്ന് ജന്മശതാബ്ദിയാണ്. ജീവിച്ചിരിപ്പുണ്ടെങ്കില്‍ നൂറിന്റെ നിറവില്‍ നിന്ന് നിറപുഞ്ചിരി തൂകിയേനെ മലയാളികളുടെ പ്രിയപ്പെട്ട നേതാവ്. ജനങ്ങളോടുള്ള പെരുമാറ്റവും സരസമായ പ്രസംഗങ്ങളുമാണ് നായനാരെ ജനകീയനാക്കിയത്.

ഇ.കെ.നായനാരുടെ ജന്മശതാബ്ദി ആഘോഷിക്കുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നതും അദ്ദേഹത്തിന്റെ സരസമായ ഭാഷാശൈലിയാണ്. തമാശരൂപേണ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ നായനാര്‍ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നര്‍മത്തില്‍ പൊതിഞ്ഞ പ്രസംഗങ്ങള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നായനാര്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ജനങ്ങളുമായി സംവദിക്കാന്‍ ഏഷ്യാനെറ്റ് ചാനലിലൂടെ ‘ഫോണ്‍ ഇന്‍ പരിപാടി’ നടത്തിയിരുന്നു. അതിന്റെ വീഡിയോ ഇപ്പോഴും ലഭ്യമാണ്.

കോട്ടയ്ക്കലില്‍ നിന്നു വിളിച്ച മുഹമ്മദ് കുട്ടി എന്നയാള്‍ക്ക് ഇ.കെ.നായനാര്‍ നല്‍കിയ മറുപടി ഏറെ ശ്രദ്ധേയമാണ്. ദിവസത്തില്‍ മുക്കാല്‍ മണിക്കൂറോളം ലോഡ് ഷെഡിങ് സഹിക്കേണ്ട അവസ്ഥയിലാണെന്ന പരാതിയുമായാണ് മുഹമ്മദ് കുട്ടി മുഖ്യമന്ത്രി ഇ.കെ.നായനാരെ വിളിച്ചത്. ലോഡ് ഷെഡിങ് തങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് മുഹമ്മദ് കുട്ടി ഫോണിലൂടെ പറയുന്നുണ്ട്. എസ്‌എസ്‌എൽസി പരീക്ഷയുടെ സമയത്ത് പോലും ലോഡ് ഷെഡിങ് ഉണ്ടായിരുന്നെന്നും മുഹമ്മദ് കുട്ടി പരിഭവം പറയുന്നു. ഇക്കാര്യം താന്‍ വൈദ്യുതി വകുപ്പ് ചീഫ് എന്‍ജിനീയറുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും പരിഹാരം കാണാമെന്നും നായനാര്‍ മറുപടി നല്‍കുന്നുണ്ട്.

Read Also: ഭരണം തുടങ്ങിയത് 91 സീറ്റുകളുമായി, ഇപ്പോള്‍ 93; പിണറായിക്കാലം

എന്നാല്‍, ഇതിനുശേഷമാണ് നായനാരുടെ ഹ്യൂമര്‍സെന്‍സ് പുറത്തെടുക്കുന്നത്. ‘ചികിത്സയ്ക്കായി മുഖ്യമന്ത്രി കോട്ടയ്ക്കലിലേക്ക് വരുന്നോ’ എന്ന് മുഹമ്മദ് കുട്ടി നായനാരോട് ചോദിച്ചു. കോട്ടയ്ക്കലിലേക്ക് വന്നാല്‍ ലോഡ് ഷെഡിങ് ബുദ്ധിമുട്ട് മുഖ്യമന്ത്രിക്ക് നേരിട്ട് അനുഭവിക്കാം എന്നാണ് മുഹമ്മദ് കുട്ടി പറയുന്നത്. എന്നാല്‍, നായനാരുടെ മറുപടി എല്ലാവരെയും ചിരിപ്പിക്കുന്നതായിരുന്നു. കോട്ടയ്ക്കലിലേക്ക് വരുന്ന കാര്യം മഴ പെയ്യുമ്പോള്‍ ആലോചിക്കാമെന്നായി നായനാര്‍. മഴക്കാലത്താണ് നല്ലതെന്നും ഇപ്പോള്‍ മോശമാണെന്നും നായനാര്‍ പറയുന്നു. മഴക്കാലമായാല്‍ സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉണ്ടാകില്ലല്ലോ എന്ന് ആലോചിക്കുമ്പോഴാണ് നായനാരുടെ ഹ്യൂമര്‍സെന്‍സ് എത്രത്തോളമെന്ന് മലയാളികള്‍ക്ക് മനസിലായത്.

മൂന്ന് തവണയായി 11 വര്‍ഷത്തോളം മുഖ്യമന്ത്രി കസേരയിലിരുന്ന ഇ.കെ.നായനാര്‍ ഏറെ ജനകീയനായ മുഖ്യമന്ത്രിയായിരുന്നു. ഏകദേശം ഇത്ര വര്‍ഷത്തോളം തന്നെ അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനവും വഹിച്ചു. അഞ്ച് വർഷം കാലാവധി തികച്ച ആദ്യ ഇടതുപക്ഷ സർക്കാരിനെ നയിച്ച നേതാവ് കൂടിയാണ് ഇ.കെ.നായനാർ. ഏറമ്പാല കൃഷ്‌ണൻ നായർ എന്നായിരുന്നു ഇ.കെ.നായനാരുടെ മുഴുവൻ പേര്. 1919 ഡിസംബർ ഒൻപതിന് കല്യാശേരിയിലാണ് ഇ.കെ.നായനാർ ജനിച്ചത്. കോൺഗ്രസ് പാർട്ടിയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയുടെ അനിഷേധ്യ നേതാവായി മാറി.

1980 ലും 1987 ലും 1996 ലുമായി 3991 ദിവസം മുഖ്യമന്ത്രിയായി സേവനം അനുഷ്‌ഠിച്ചു. രണ്ട് തവണ പ്രതിപക്ഷ നേതാവായി. 23 വര്‍ഷം നിയമസഭാംഗമായി പ്രവര്‍ത്തിച്ചു. 2004 മേയ് 19 നാണ് നായനാർ ഓർമയായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.