തിരുവനന്തപുരം: സംസ്ഥാനത്തുനിന്ന് ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയച്ച എട്ട് പേരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട്, മലപ്പുറം, എറണാകുളം- രണ്ടു വീതം, തിരുവനന്തപുരം, പത്തനംതിട്ട- ഒന്നു വീതം ഫലങ്ങളാണ് ഒമിക്രോണ്‍ നെഗറ്റീവായത്.
10 പേരുടെ സാമ്പിളുകളാണ് ജനിതക പരിശോധനയ്ക്ക് അയച്ചത്. രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകളാണ് ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ ലാബിലാണ് ഒമിക്രോണ്‍ ജനിതക പരിശോധന നടത്തുന്നത്.
ഹൈ റിസ്‌ക് രാജ്യത്തില്‍നിന്നു കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചേര്‍ന്ന ഒരാള്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആദ്യ ഫലങ്ങള്‍ നെഗറ്റീവായെങ്കിലും ജാഗ്രതയില്‍ ഒരു കുറവും ഉണ്ടാകരുതെന്ന് മന്ത്രി പറഞ്ഞു.
Also Read: വഖഫ് ബോർഡ് നിയമനം: ഉടൻ പി.എസ്.സിക്ക് വിടില്ല, സമസ്‌ത നേതാക്കൾക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്