കോഴിക്കോട്: ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേര്‍ക്ക് കോവിഡ് പോസിറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ജനിതക മാറ്റം സംഭവിച്ച വൈറസാണോ ബാധിച്ചിരിക്കുന്നത് എന്ന് മനസിലാക്കാന്‍ സാമ്പിളുകള്‍ പൂനെയിലേക്ക് അയച്ചിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ ശ്രദ്ധ കൂട്ടിയിട്ടുണ്ടെന്നും ജനിതക മാറ്റം സംഭവിച്ച വൈറസിനും നിലവിലെ വാക്‌സിന്‍ ഫലപ്രദമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അതേസമയം കേരളത്തിലെ കോവിഡ് വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും എന്നാൽ, ബ്രിട്ടനിൽ ജനിതമാറ്റം സംഭവിച്ച അതേ വൈറസ് ശ്രേണിയാണോ ഇവിടെയും കണ്ടെത്തിയിട്ടുള്ളതെന്നതിൽ കൂടുതൽ ഗവേഷണം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടെന്നും കെ.കെ. ശൈലജ മുന്നറിയിപ്പ് നല്‍കി. ബ്രിട്ടനിൽ നിന്ന് വന്ന എല്ലാവരെയും കര്‍ശന നിരീക്ഷണത്തിലാക്കും. എയര്‍പോര്‍ട്ടുകളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തും. ജനിതക മാറ്റം സംഭവിച്ച വൈറസ് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന വാര്‍ത്ത വരുന്നതിന് മുന്‍പും സംസ്ഥാനത്തേക്ക് എത്തിയവരെയും കര്‍ശന നിരീക്ഷണത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണത്തിൽ കുതിച്ചു ചാട്ടമുണ്ടാകുമെന്ന് നേരത്തേ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്ത് ഇന്നലെ 5397 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4506 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 64,028 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,64,951 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങൾ കോവിഡ് മൂലമായിരുന്നു എന്നും ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെ മരണം 2930 ആയി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.