/indian-express-malayalam/media/media_files/uploads/2019/06/eid-ul-fitr-2019-ramzan-festival-month-muslim-islam-religion.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: ശവ്വാൽ മാസപ്പിറ ദൃശ്യമായതോടെ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ (ഈദുല്‍ ഫിത്വര്‍) ആയിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. 29 ദിനം നീണ്ട വ്രതനാളുകളിലൂടെ കൈവരിച്ച ആത്മീയവിശുദ്ധിയുടെ പൂർത്തീകരണമായാണ് ഇസ്ലാം മത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
തിരുവനന്തപുരത്തും കോഴിക്കോട്ടും പൊന്നാനിയിലും മാസപ്പിറവി കണ്ടു. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഞായറാഴ്ചയാണ് ചെറിയ പെരുന്നാൾ ആഘോഷിച്ചത്. ഒമാനിൽ തിങ്കളാഴ്ചയാണ് ഈദുൽ ഫിത്ർ. ചെറിയ പെരുന്നാൾ തിങ്കളാഴ്ചയാണെന്ന് പ്രഖ്യാപനം വന്നതോടെ വിശ്വാസികള്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വീടുകളിലും ഈദ് ഗാഗുകളിലും ചെറിയ പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
ശവ്വാൽ മാസപ്പിറവി ദൃശ്യമായാൽ വിശ്വാസികൾ വ്രതമനുഷ്‌ഠിക്കുന്നതിന് മതപരമായി വിലക്കുണ്ട്. അന്ന് ആഘോഷത്തിന്റെ ദിനമാണ്. ഫിത്ർ സകാത്ത് (റമദാൻ വ്രതം കഴിഞ്ഞാൽ വിശ്വാസികളിൽ നിർബന്ധമാക്കപ്പെട്ട ദാനം) ഇല്ലാത്തവന് ഭക്ഷണത്തിനുള്ള ധാന്യമാണ് സകാത്തായി നൽകേണ്ടത്. ഫിത്ർ സക്കാത്തിന്റെ അവകാശികൾ ആരൊക്കെയെന്നും കൃത്യമായി ഖുർആൻ വിശദീകരിച്ചിട്ടുണ്ട്. അർഹരിലെത്തിയാലേ സകാത് സ്വീകരിക്കപ്പെടുകയുള്ളൂ എന്നും വ്യക്തമാക്കുന്നുണ്ട്
പെരുന്നാളിന്റെ മറ്റൊരു പ്രധാന ആഘോഷവും ആരാധനയുമാണ് പെരുന്നാൾ നമസ്കാരം. ഫജർ നമസ്കാരത്തിന് ശേഷം ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാൽ പള്ളികളിൽ പെരുന്നാൾ നമസ്കാരം ആരംഭിക്കും.നമസ്കാരത്തിന് ശേഷം പള്ളിയിൽ ഇമാം നിർവഹിക്കുന്ന പ്രസംഗമാണ് ഖുതുബ. ഖുതുബ പ്രസംഗത്തിന് ശേഷം സൗഹൃദങ്ങളെയും കുടുബങ്ങളെയും ആലിംഗനം ചെയ്‌തും മധുരം നൽകിയും ആഘോഷത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമാകും. കുടുംബ വീടുകൾ സന്ദർശിച്ച് ബന്ധങ്ങൾ ദൃഢപ്പെടുത്തുന്നതാണ് പ്രധാനമായും പെരുന്നാളിന്റെ ഒരു രീതി. അതിഥികളെ സ്വീകരിക്കാൻ ആതിഥേയർ മധുരവും ഭക്ഷണവുമൊരുക്കി കാത്ത് നിൽക്കുന്നതും പതിവ് കാഴ്‌ചയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.