തിരുവനന്തപുരം: ഒരുമാസം നീണ്ടു നിന്ന വ്രതാനുഷ്ടാനങ്ങള്‍ക്കൊടുവില്‍ വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ലോക്ക്ഡൗണിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ പൊതു ചടങ്ങുകള്‍ ഇല്ലാതെയാണ് ഇത്തവണയും പെരുന്നാള്‍.
പള്ളികളിലേയും മറ്റ് ഇടങ്ങളിലേയും ഈദ് നമസ്കാരങ്ങള്‍ക്ക് പകരം വീടിനുള്ളിലെ പ്രാര്‍ത്ഥനകളില്‍ വിശ്വാസികള്‍ പങ്കു ചേരും. കോവിഡ് സാഹചര്യം പരിഗണിച്ച് ബന്ധു വീടുകളിലേക്കുള്ള സന്ദര്‍ശനം ഉള്‍പ്പടെ ഒഴിവാക്കണമെന്നാണ് സര്‍ക്കാരും മതപണ്ഡിതരും നിര്‍ദേശിച്ചിരിക്കുന്നത്.
റമദാൻ മാസക്കാലത്ത് കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടുള്ള വ്രതാനുഷ്ഠാനവും പ്രാർത്ഥനകളുമാണ് നടന്നതെന്നും അതിൽ സഹകരിച്ച മുഴുവൻ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഈദ് ഉൽ ഫിത്തർ സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന മുഖ്യമന്ത്രി മഹാവ്യാധിക്ക് മുൻപിൽ ലോകം മുട്ട് മടക്കാതെ ഒരുമയോടെ പൊരുതുമ്പോൾ അതിജീവനത്തിന്റെ ഉൾക്കരുത്ത് നേടാൻ വിശുദ്ധ മാസം വിശ്വാസ ലോകത്തിന് കരുത്ത് പകർന്നുവെന്നും ആംശസാ കുറിപ്പില്‍ പറഞ്ഞു.
‘നാളെ ഈദുൽ ഫിത്ർ ആണ്. മഹാമാരിയുടെ കാലത്തും വിശ്വാസ ലോകമാകെ 30 ദിവസം നീണ്ട വ്രതാനുഷ്ഠാനത്തിൻ്റെ പൂർണ പരിസമാപ്തിയുടെ ആഹ്ലാദത്തിലാണ്. ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ. മാനവികതയുടെയും ഒരുമയുടെയും സഹാനുഭൂതിയുടെയും ദാന കർമ്മങ്ങളുടെയും ഏറ്റവും ഉൽകൃഷ്ടമായ സന്ദേശമാണ് റമദാനും ഈദുൽ ഫിതറും മുന്നോട്ട് വെക്കുന്നത്.