ചെറിയ പെരുന്നാൾ പ്രമാണിച്ച് ഇന്ന് ഞായറാഴ്ചയുള്ള പ്രത്യേക ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചു. സാധാരണ ഞായറാഴ്ചകളിലെ അനുവദനീയമായ പ്രവൃത്തികൾക്ക് പുറമേ അധിക സ്ഥാപനങ്ങൾക്കും സേവനങ്ങൾക്കും നാളെ പ്രവർത്തനാനുമതിയുണ്ടാവുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.

ഇളവുകൾ

  • ബേക്കറി, വസ്ത്രക്കടകൾ, മിഠായിക്കടകൾ, ഫാൻസി സ്‌റ്റോറുകൾ, ചെരുപ്പുകടകൾ എന്നിവ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുമണിവരെ പ്രവർത്തിക്കാം.
  • ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറു മുതൽ 11 വരെ അനുവദിക്കും. ശാരീരിക അകലം പാലിക്കണം.
  • ബന്ധുവീടുകൾ സന്ദർശിക്കാനായി വാഹനങ്ങളിൽ അന്തർജില്ലാ യാത്രകൾ നടത്താം.
  • സാമൂഹ്യ അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു.

Read More: കോവിഡ് നിഴലില്‍ മറ്റൊരുകാലത്തും ഇല്ലാത്തതു പോലൊരു ചെറിയ പെരുന്നാള്‍

റമദാൻ 30 പൂർത്തിയാക്കിയാണ് നാളെ ശവ്വാൽ മാസം ആരംഭിക്കുന്നത്. വെള്ളിയാഴ്ച മാസപ്പിറവി കാണാത്തതിനെത്തുടർന്ന് ചെറിയ പെരുന്നാൾ ഞായറാഴ്ച തന്നെ ആയിരിക്കുമെന്ന് വിവിധ ഖാസിമാരും കേരള ഹിലാൽ കമ്മിറ്റിയും അറിയിച്ചിരുന്നു.

പെരുന്നാൾ പ്രമാണിച്ച് ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രി ഒമ്പത് വരെ തുറക്കാൻ അനുമതി നൽകിയിരുന്നു.

അതേസമയം, നാളെ ഈദുൽ ഫിത്തർ ആഘോഷിക്കുന്ന എല്ലാ മലയാളികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ ആശംസയറിയിച്ചു. കോവിഡ് 19 കാരണം മുമ്പൊരിക്കലുമില്ലാത്ത പ്രതിസന്ധിയിലൂടെയും ദുരിതത്തിലൂടെയും ലോകം കടന്നുപോകുമ്പോഴാണ് റമദാനും ചെറിയ പെരുന്നാളും വരുന്നതെന്നും ‘സഹനമാണ് ജീവിതം’ എന്ന സന്ദേശം ഉള്‍ക്കൊണ്ട് റമദാന്‍ വ്രതമെടുക്കുന്നവര്‍ക്ക് സന്തോഷത്തിന്‍റെ ദിനമാണ് പെരുന്നാളെന്നും ആശംസാ സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ആശംസാ സന്ദേശത്തിന്റെ പൂർണ രൂപം

“ലോകമെങ്ങുമുള്ള കേരളീയ സഹോദരങ്ങള്‍ക്ക് ഈദുല്‍ ഫിത്തര്‍ ആശംസിക്കുന്നു.
കോവിഡ് 19 കാരണം മുമ്പൊരിക്കലുമില്ലാത്ത പ്രതിസന്ധിയിലൂടെയും ദുരിതത്തിലൂടെയും ലോകം കടന്നുപോകുമ്പോഴാണ് റമദാനും ചെറിയ പെരുന്നാളും വരുന്നത്. ‘സഹനമാണ് ജീവിതം’ എന്ന സന്ദേശം ഉള്‍ക്കൊണ്ട് റമദാന്‍ വ്രതമെടുക്കുന്നവര്‍ക്ക് സന്തോഷത്തിന്‍റെ ദിനമാണ് പെരുന്നാള്‍. എന്നാല്‍, പതിവുരീതിയിലുള്ള ആഘോഷത്തിന്‍റെ സാഹചര്യം ലോകത്തെവിടെയുമില്ല.

പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുചേര്‍ന്ന് പെരുന്നാള്‍ നമസ്കരിക്കുക എന്നത് മുസ്ലിങ്ങള്‍ക്ക് വലിയ പുണ്യകര്‍മമാണ്. ഇത്തവണ പെരുന്നാള്‍ നമസ്കാരം അവരവരുടെ വീടുകളില്‍ തന്നെയാണ് എല്ലാവരും നിര്‍വഹിക്കുന്നത്.

മനഃപ്രയാസത്തോടെയാണെങ്കിലും സമൂഹത്തിന്‍റെ സുരക്ഷയും താല്‍പര്യവും മുന്‍നിര്‍ത്തിയാണ് മുസ്ലിം സമുദായ നേതാക്കള്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തുന്നത്.

സ്ഥിതിസമത്വത്തിന്‍റെയും സഹനത്തിന്‍റെയും അനുതാപത്തിന്‍റെയും മഹത്തായ സന്ദേശമാണ് ഈദുല്‍ ഫിത്തര്‍ നല്‍കുന്നത്. ഇതിന്‍റെ ചൈതന്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.