Eid Ul Fitr 2022 Date Kerala: കോഴിക്കോട്: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച (മേയ് മൂന്ന്). റമദാന്‍ 30 പൂര്‍ത്തിയാക്കി മറ്റന്നാള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് തീരുമാനം. ഗൾഫിൽ നാളെയാണ് ചെറിയ പെരുന്നാൾ.
എവിടെയും ശവ്വാല്‍ മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ നാളെ റമദാൻ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. പാണക്കാട് സയിദ് സാദിഖലി തങ്ങള്‍, കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ , കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് മദനി, കോഴിക്കോട് വലിയ ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമുല്ലൈലി തുടങ്ങിയവരാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, ചെറിയ പെരുന്നാൾ പ്രമാണിച്ച് സർക്കാർ ജീവനക്കാരുടെ തിങ്കളാഴ്ചത്തെ അവധിയിൽ മാറ്റമുണ്ടാവില്ല. ചൊവ്വാഴ്ചത്തെ അവധിയുടെ കാര്യത്തിൽ തിങ്കളാഴ്ച തീരുമാനം എടുക്കും
കേരളത്തില്‍ ഏപ്രിൽ മൂന്ന് മുതലാണ് റമദാന്‍ വൃതം ആരംഭിച്ചത്. ഇസ്‌ലാമിക കലണ്ടറായ ഹിജ്റയിലെ ഒരു മാസത്തിന്റെ പേരാണ് റംസാൻ അഥവ റമദാൻ. ഇതിന് ശേഷം വരുന്ന ശവ്വാൽ മാസത്തിലെ ആദ്യ ദിനത്തിലാണ് മുസ്ലിങ്ങൾ ചെറിയ പെരുന്നാൾ അഥവ ഈദുൽ ഫിത്വർ ആഘോഷിക്കുന്നത്.