scorecardresearch

Bakrid 2018 in India: ഈദുൽ അദ്ഹ, അഥവാ ഇബ്റാഹീമിന്റെ ഓർമപ്പെരുന്നാൾ

Bakra Eid 2018 in India: പ്രളയക്കെടുതികൾ കാരണം ഇത്തവണ ഓണം പോലെ പെരുന്നാൾ ആഘോഷങ്ങൾക്കും പൊലിമ കുറവാണ്

eid ul adha,baliperunnal,hajj 2018

Bakrid in India: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും, എല്ലാവിധ വൈവിധ്യങ്ങൾക്കിടയിലും മനുഷ്യ സമുദായം ഒറ്റക്കെട്ടാണ് എന്ന വിചാരത്തിന്റെയും വിശുദ്ധ വികാരങ്ങളുമായി ലോകമെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികൾ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷത്തിലേക്ക് കടക്കുകയാണ്. കേരളത്തിൽ ബുധനാഴ്ചയാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നതെങ്കിൽ സൗദി അറേബ്യ ഉൾപ്പെടുന്ന അറബ് രാജ്യങ്ങളിൽ ഇന്നായിരുന്നു (ചൊവ്വാഴ്ച) പെരുന്നാൾ.

കേരളം മുഴുവന്‍ പ്രളയക്കെടുതി അനുഭവിക്കുന്ന സാഹചര്യത്തിലാണ് ബലി പെരുന്നാള്‍ എത്തിയിരിക്കുന്നതെന്നും ദുരിതം അനുഭവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നും ഈദ് സദേശത്തില്‍ പാളയം ഇമാം വി.പി.സുഹൈബ് മൗലവി പറഞ്ഞു.

Read Here: Bakrid 2020, Happy Eid al-Adha 2020: Bakrid Wishes Images, Quotes, Status, Messages, Photos, and Greetings: പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം

“ദുരിതം അനുഭവിക്കുന്നവർക്ക് ഒപ്പം നിൽക്കേണ്ട സമയമാണ്. ദുരന്ത ബാധിതരെ ഒരിക്കലും കൈവിടില്ല എന്നു ഉറക്കെ വിളിച്ചു പറയുന്നു. പെരുന്നാളാണെന്ന് കരുതി മാറി നിൽക്കാതെ ദുരിതാശ്വാസ പ്രവർത്തനത്തിൽ എല്ലാ വിശ്വാസികളും പങ്കാളികളാകണം” വി.പി.സുഹൈബ് മൗലവി ആവശ്യപ്പെട്ടു.

പ്രളയക്കെടുതികൾ കാരണം ഇത്തവണ ഓണം പോലെ പെരുന്നാൾ ആഘോഷങ്ങൾക്കും പൊലിമ കുറവാണ്. മറ്റു ആഘോഷങ്ങളിൽനിന്ന് വ്യത്യസ്തമായി ആത്മീയമായ അനുഭൂതിക്കാണ് ഇസ്‌ലാമിലെ ആഘോഷങ്ങൾ പ്രാധാന്യം നൽകുന്നത് എന്നിരിക്കെ വിശേഷിച്ചും. പുനരധിവാസ ക്യാമ്പുകളിലും മറ്റുമായി ആയിരക്കണക്കിന് മനുഷ്യർ ഓണവും പെരുന്നാളുമൊന്നുമില്ലാതെ, സൗജന്യ ഭക്ഷണ, വസ്ത്ര വിതരണങ്ങൾക്ക് കാത്ത്, സ്വന്തം വീടുകളിലേക്ക് എന്ന് മടങ്ങാനാകുമെന്ന തീർച്ചയൊട്ടുമില്ലാതെ കഴിയുമ്പോൾ, അവരോടുള്ള ഐക്യദാർഢ്യം തന്നെയാണ് ബലി പെരുന്നാൾ പങ്കുവയ്ക്കുന്ന ഒന്നാമത്തെ പാഠം.

Eid-ul-Adha 2018 Date in India, Importance and Significance: പ്രവാചകൻ ഇബ്റാഹീം ആണ് ബലി പെരുന്നാൾ സുദിനത്തിന്റെ കേന്ദ്രബിന്ദു

ഇബ്രാഹീമിന്റെയും കുടുംബത്തിന്റെയും ഓർമപ്പെരുന്നാൾ ആണ് യഥാർഥത്തിൽ ഈദുൽ അദ്ഹ. ഇബ്രാഹീമിന്റെ മകനും പ്രവാചകനുമായ ഇസ്മാഈലിന്റെ സന്താന പരമ്പരകളിൽ പെട്ടതാണ് മുഹമ്മദ് പ്രവാചകൻ. ഇബ്രാഹീമിന്റെ മറ്റൊരു മകനും പ്രവാചകനുമായ ഇസ്ഹാഖിന്റെ സന്താനപരമ്പരയിൽ പെട്ടവരാണ് ജൂത, ക്രൈസ്തവ സമുദായങ്ങൾ. അതുകൊണ്ട് തന്നെ സെമിറ്റിക് മതങ്ങൾക്കൊക്കെയും ഒരുപോലെ ആദരണീയനാണ് ഇബ്റാഹീം അല്ലെങ്കിൽ അബ്രഹാം.

ചരിത്രത്തിൽ കടന്നുപോയ നിരവധി മഹാവ്യക്തിത്വങ്ങളിൽ ഒരാൾ മാത്രമല്ല ഇബ്റാഹീം. ത്യാഗത്തിന്റെയും ദൈവമാർഗത്തിലുള്ള സമർപ്പണത്തിന്റെയും ഉടൽ രൂപമായിരുന്നു അദ്ദേഹവും പത്നി ഹാജറയും പുത്രൻ ഇസ്മാഈലും അടങ്ങുന്ന ഇബ്റാഹീം കുടുംബം. വേദഗ്രന്ഥമായ വിശുദ്ധ ഖുർആൻ 69 തവണയാണ് ഇബ്റാഹീമിനെ പരമാർശിക്കുന്നത്. വിശ്വാസികളുടെ ജീവിതവുമായി അത്രമേൽ ചേർന്ന് നിൽക്കുന്നു ഈ ചരിത്രപുരുഷൻ. ഇസ്‌ലാം മത വിശ്വാസകളുടെ നിർബന്ധകർമ്മമായ അഞ്ച് നേര നമസ്കാരത്തിൽ ഇബ്റാഹീമിന്റെ സ്മരണ തുടർച്ചയായി കടന്നുവരുന്നു. നമസ്കാരത്തിനായി അവർ അഭിമുഖീകരിക്കുന്ന മക്കയിലെ വിശുദ്ധ കഅ്ബ ദേവാലയം ഇബ്രാഹീമും മകൻ ഇസ്മാഈലൂം പണികഴിപ്പിച്ചതാണ്.

നൂറ്റാണ്ടുകൾക്ക് മുമ്പ് ദൈവ കൽപ്പന പ്രകാരം ഇബ്റാഹീം നടത്തിയ ക്ഷണത്തിന് ഉത്തരം നൽകിയാണ് രണ്ട് ദശലക്ഷം വരുന്ന വിശ്വാസികൾ ഹജ്ജിനായി മക്കയിൽ സംഗമിച്ചിരിക്കുന്നത്. വിശ്വാസിയുടെ ഒരു നിമിഷത്തിൽനിന്ന് പോലും പ്രവാചകൻ ഇബ്റാഹീം പുറത്തല്ലെന്ന് സാരം. ബലി പെരുന്നാൾ ആ ത്യാഗ, സമര, പോരാട്ട ജീവിതത്തിന്റെ ഓർമ പുതുക്കലിനായി ദൈവം പ്രത്യേകമായി നിശ്ചയിച്ചതും അതുകൊണ്ടാണ്.

ത്യാഗമാണ് ഇബ്റാഹീം

ദൈവത്തിനായി സ്വയം സമർപ്പിതമായ ജീവിതമായിരുന്നു ഇബ്റാഹീമിന്റേത്. ജീവിത സായാഹ്നത്തിൽ ആറ്റുനോറ്റ് ലഭിച്ച സന്താനത്തെ, ദൈവം തനിക്കായി സമർപ്പിക്കണമെന്ന് അരുളിയപ്പോൾ, സംശയലേശമന്യേ അതിനൊരുങ്ങിയവനാണ് ഇബ്റാഹീം. ദൈവം തന്നത്, അവൻ തിരിച്ചു ചോദിക്കുമ്പോൾ കൊടുത്തിരിക്കും എന്നതായിരുന്നു ഇബ്റാഹീമിന്റെ സമീപനം. ഇബ്റാഹീമിന്റെ സമർപ്പണ മനോഭാവത്തിന്റെ ആഴം അറിയാനുള്ള ദൈവിക പരീക്ഷണമായിരുന്നു അത്. ആ പരീക്ഷണത്തിൽ അദ്ദേഹം വിജയിക്കുകയുമുണ്ടായി.

ആരോരുമില്ലാത്ത, കൃഷിയോ കുടിവെള്ള സൗകര്യമോ ഇല്ലാത്ത മക്കാ താഴ്‌വരയിൽ ഭാര്യക്കും പിഞ്ചുകുഞ്ഞിനുമൊപ്പം താമസിക്കവെ, പ്രബോധ നാർഥം ദേശാടനത്തിന് പോകാൻ അരുൾപാടുണ്ടാകുന്നു ഇബ്റാഹീമിന്. പ്രിയതമയെയും കുഞ്ഞിനെയും ആ മരുപ്പറമ്പിൽ തനിച്ചാക്കി, ദൈവത്തിൽ ഭാരമേൽപ്പിച്ച് ദേശാന്തരഗമനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൈലാഞ്ചിചോപ്പുളള ആ പെരുനാൾ തലേന്ന്

തന്റെ പിതാവ് ആസർ നേതൃത്വം നൽകുന്ന പൗരോഹിത്യത്തിന്റെ ജീർണവിശ്വാസങ്ങൾക്കെതിരെ നിലകൊണ്ടതിന്റെ പേരിൽ വീട്ടിൽനിന്നും നാട്ടിൽനിന്നും പുറത്താക്കപ്പെടുകയുണ്ടായി അദ്ദേഹം. എതിർശബ്ദങ്ങളെ തന്റെ അധികാരത്തിന്റെ ഹുങ്കിനാൽ നിർവീര്യമാക്കാൻ നോക്കിയ നൗറൂദ് എന്ന ഏകാധിപതിക്ക് മുന്നിൽ സധൈര്യം തന്റെ വിശ്വാസം അദ്ദേഹം തുറന്ന് പ്രകടിപ്പിച്ചു. പകരം അദ്ദേഹത്തിന് ലഭിച്ചത് തീകുണ്ഡാരം ആയിരുന്നു. അതിനെയും അദ്ദേഹം തന്റേടത്തോടെ നേരിട്ടു.

മകൻ വേണോ ദൈവം വേണോ എന്ന് ചോദിച്ചപ്പോൾ, കുടുംബത്തോടൊപ്പമുള്ള സുഖജീവിതം വേണോ ദൈവമാർഗത്തിലുള്ള പ്രബോധനം വേണോ എന്ന് ചോദിച്ചപ്പോൾ, ആദർശം സന്ധി ചെയ്ത് സുഖലോലുപനായ ശിഷ്ട ജീവിതം വേണോ തീകുണ്ഡാരം വേണോ എന്ന് ചോദിച്ചപ്പോൾ ദൈവത്തിന് വേണ്ടിയാണെങ്കിൽ എന്തിനും സ്വാഗതം എന്ന് ഉറക്കെ പ്രഖ്യാപിച്ചു ആ വിപ്ലവകാരി. അതുകൊണ്ട് കൂടിയാകണം ദൈവം, ഇബ്റാഹീമിനെ ‘തന്റെ കൂട്ടുകാരൻ’ (ഖലീലുല്ലാഹ്) എന്ന് വിളിച്ചത്!

ബലി അഥവാ ഉദുഹിയത്ത്

പ്രവാചകൻ ഇബ്റാഹീം മകനെ ദൈവ മാർഗത്തിൽ സമർപ്പിക്കാൻ സന്നദ്ധനായതിനോടുള്ള ഐക്യദാർഢ്യം ആണ് പെരുന്നാൾ ദിനത്തിലെ ബലി. തനിക്കേറ്റവും പ്രിയപ്പെട്ടതിനെ ദൈവ മാർഗത്തിൽ സമർപ്പിക്കുക എന്നതാണ് അതിന്റെ പൊരുൾ.

ഇസ്‌ലാമിലെ രണ്ട് ആഘോഷങ്ങളും ദാരിദ്ര്യ നിർമാർജനവുമായി ബന്ധപ്പെട്ടത് കൂടിയാണ്. ചെറിയ പെരുന്നാൾ (ഈദുൽ ഫിത്വർ) ദിവസം അന്നത്തേക്ക് പാചകത്തിനുള്ള ധാന്യം കഴിച്ച് മിച്ചമായുള്ളവരെല്ലാം രണ്ടര കിലോ വീതം ദാനമായി (ഫിത്വർ സകാത്ത്) നൽകണമെന്നതാണ് അതിൽ ഒന്നാമത്തേത് ബലി പെരുന്നാൾ ദിനത്തിൽ അറുക്കുന്ന ബലി മാംസവും പാവങ്ങൾക്കിടയിൽ വിതരണം ചെയ്യാനാണ് കൽപ്പിച്ചിട്ടുള്ളത്. ഇസ്‌ലാമിലെ ബലി സങ്കൽപത്തിന്റെ പ്രത്യേകത കുടിയാണ് അത്. പെരുന്നാൾ ദിവസം രാവിലെ ഈദ്ഗാഹിലോ പള്ളിയിലോ ആയി പെരുന്നാൾ പ്രാർഥനയിൽ പങ്കെടുത്ത ശേഷമാണ് ബലിയിലേക്ക് കടക്കുക. പെരുന്നാൾ ദിനത്തിൽ അസൗകര്യമുള്ളവർ തുടർന്ന് വരുന്ന മൂന്ന് ദിനങ്ങളിലൊന്നിൽ (അയ്യാമുത്തശ്രീഖ്) ബലി അറുത്താലും മതി.

ഹജ്ജിന്റെ പെരുന്നാൾ

ഇബ്റാഹീം പ്രവാചകന്റെ ത്യാഗജീവിതത്തോടുള്ള ഐക്യദാർഢ്യം തന്നെയാണ് ഹജ്ജ് കർമത്തിലൂടെയും വിശ്വാസികൾ പ്രകടിപ്പിക്കുന്നത്. ഇബ്റാഹീമിന്റെ വിളിക്ക് ഉത്തരമായാണ് ഹാജിമാർ മക്കയിൽ എത്തുന്നത്. അവർ അവിടെ നിരന്തരം ചൊല്ലുന്ന തർബിയത്ത് അതാണ് ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്’ (നാഥാ ഞാൻ ഇതാ നിന്റെ വിളിക്കുത്തരമേകി നിന്റെ സന്നിധാനത്തിൽ വന്നണഞ്ഞിരിക്കുന്നു)

ഇസ്‌ലാമിലെ നിർബന്ധ കർമമാണ് ഹജ്ജ്. പക്ഷേ, സാമ്പത്തിക കഴിവും ആരോഗ്യവുമുള്ളവർ നിർവഹിച്ചാൽ മതിയാകും. ഹജ്ജിലെ ഓരോ കർമവും ഇബ്റാഹീം, പത്നി ഹാജറ, പുത്രൻ ഇസ്മാഈൽ എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്.

സഫ, മർവ കുന്നുകൾക്കിടയിലെ നടത്തം (സഅ്‌യ്) ഒരു ഉദാഹരണം. ആരോരുമില്ലാതെ മരുപ്പറമ്പിൽ കുടിവെള്ളത്തിനായി തൊണ്ടപൊട്ടിക്കരഞ്ഞ കുഞ്ഞ് ഇസ്മാഈലിന് വേണ്ടി ദാഹജലം അന്വേഷിച്ച് മാതാവ് ഹാജറ, സഫ, മർവ കുന്നുകൾക്കിടയിലൂടെ ഓടി നടന്നു. ഹാജറയുടെ ഈ ഓട്ടത്തെ പ്രതീകാത്മകമായി പിന്തുടരുകയാണ് ഹാജിമാർ സഇ്യിലൂടെ. ഒടുവിൽ ഇസ്മാഈലിന്റെ കാലടിയിൽ വെള്ളം ഉറവപൊട്ടി. സംസം…

ഈ വെള്ളം ഇന്നും ഒരത്ഭുതമായി ജലം പ്രവഹിപ്പിക്കുന്നു. ഹജ്ജിന് വരുന്നവർക്ക് കുടിക്കാനും എത്രവേണമെങ്കിലും കൊണ്ട്പോകാനും മാത്രമുള്ള മഹാപ്രവാഹമായി സംസം മാറി.

സാഹോദര്യത്തിന്റെ സന്ദേശം

ലോകത്തെമ്പാടുമുള്ള, വിവിധ ദേശക്കാരും ഭാഷക്കാരും വർണക്കാരുമായ ലക്ഷങ്ങൾ ഒരൊറ്റ ലക്ഷ്യവുമായി, ഒരേ പ്രാർഥന മന്ത്രങ്ങളുമായി ഒരു സ്ഥലത്ത് സംഗമിക്കുകയാണ്. വിശ്വ സാഹോദര്യത്തിന്റെ മഹാസമ്മേളനമായി ഹജ്ജ് പരിണമിക്കുന്നത് അങ്ങനെയാണ്. അതിന്റെ ചെറുപതിപ്പുകൾ തന്നെയാണ് ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരങ്ങളിലും കാണുന്നത്. പരസ്പരം ആലിംഗനം ചെയ്തും മധുരം വിതരണം ചെയ്തും അവർ തങ്ങൾക്കിടയിലെ സ്നേഹവും സാഹോദര്യവും ആ നാളിൽ പുതുക്കുന്നു. ബന്ധുവീടുകളിലും സുഹൃദ് വീടുകളിലും അയൽവീടുകളിലും സന്ദർശിച്ച് സ്നേഹം കൈമാറുന്നു. മതിലുകളില്ലാത്ത ഈ സ്നേഹക്കാഴ്ചകൾ തന്നെയാകും ഇത്തവണയും പെരുന്നാൾ ദിനത്തെ മനോഹരമാക്കുക.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Eid ul adha bakrid importance and significance