തിരുവനന്തപുരം: കേരളത്തിൽ ജൂലൈ 31ന് ബലിപെരുന്നാൾ ആഘോഷിക്കുന്ന സാഹചര്യത്തിൽ മുസ്ലിം മതനേതാക്കളുമായി ചർച്ച നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കോവിഡും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷങ്ങൾ നടത്താനാണ് തീരുമാനം. സർക്കാർ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുസ്ലിം മതനേതാക്കളുടെ സഹായം അഭ്യർത്ഥിച്ചതായും എല്ലാവരും അനുകൂലമായി തന്നെ പ്രതികരിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബലിപെരുന്നാളിന്‍റെ ഭാഗമായ ചടങ്ങുകള്‍ പ്രോട്ടോക്കോള്‍ പാലിച്ചു മാത്രമേ നടത്തുകയുള്ളൂവെന്ന് നേതാക്കൾ ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. നമ്മുടെ ആരോഗ്യത്തിനും ആരോഗ്യ സംവിധാനങ്ങള്‍ക്കും മുന്‍ഗണന നല്‍കി ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാമെന്ന ഉറപ്പും യോഗത്തില്‍ പങ്കെടുത്തവര്‍ നല്‍കി.

Also Read: ഓക്‌സ്‌ഫോര്‍ഡിന്റെ കോവിഷീല്‍ഡ് ഈ വര്‍ഷം അവസാനം ഇന്ത്യയിലെത്തും

പരമാവധി ആഘോഷങ്ങള്‍ ചുരുക്കി നിര്‍ബന്ധിതമായ ചടങ്ങുകള്‍ മാത്രം നിര്‍വഹിക്കും. പെരുന്നാള്‍ നമസ്‌കാരത്തിന് പള്ളികളില്‍ മാത്രം സൗകര്യം ഏര്‍പ്പെടുത്തുമെന്നാണ് യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശം. പൊതു സ്ഥലങ്ങളില്‍ ഈദ്ഗാഹ് ഉണ്ടായിരിക്കുന്നതല്ല. സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. പള്ളികളില്‍ പരമാവധി 100 പേരില്‍ അധികം പാടില്ലെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

Also Read: തുടർച്ചയായ രണ്ടാം ദിവസവും ആയിരം കടന്ന് രോഗികളുടെ എണ്ണം; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1078 പേർക്ക്, 5 മരണം

ബലികര്‍മവുമായി ബന്ധപ്പെട്ട് ഇടപെടുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്താനും ധാരണയായി. ടൗണിലെ പള്ളികളില്‍ അപരിചിതരും മറ്റും എത്തുന്നത് ഒഴിവാക്കാനുള്ള ശ്രദ്ധയും ഉണ്ടാകും. നേരത്തേ തുറക്കാതിരുന്ന പള്ളികളില്‍ അതേ നില തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ശ്രേഷ്ഠപരമെന്നു കരുതുന്ന മതപരമായ ചടങ്ങുകള്‍ സമൂഹത്തിന്‍റെ നന്മയെ കരുതി ക്രമീകരിക്കാന്‍ ഉയര്‍ന്ന മനസ്സ് കാട്ടിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.