അടൂര്‍: കായല്‍ കൈയേറ്റ ആരോപണവും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനവും ഉണ്ടായി സമ്മര്‍ദ്ദം കൊണ്ട് രാജിവെച്ച ഗതാഗത മന്ത്രി തോമസ് ചാണ്ടിയ്ക്ക് നേരെ ചീമുട്ടയേറ്. അടൂരില്‍ വാഹനത്തിന് നേരെയായിരുന്നു യൂത്ത് കോണ്‍ഗ്രസ്- കെഎസ്‍യു പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞത്. കൊച്ചിയിലും ആലപ്പുഴയിലും യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. രാജിവെച്ചിട്ടും ഔദ്യോഗിക വാഹനത്തില്‍ പൊലീസ് സംരക്ഷണത്തിലാണ് ചാണ്ടി യാത്ര ചെയ്യുന്നത്.

തന്റെ ഉടമസ്ഥതയിലുള്ള ടൂറിസം കമ്പനിക്കും റിസോര്‍ട്ടിനും വേണ്ടിയുള്ള ഇടപെടലുകളാണ് തോമസ് ചാണ്ടിക്ക് മന്ത്രിസഭയില്‍ നിന്ന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. ലേക് പാലസ് റിസോര്‍ട്ടിന് വേണ്ടി കായല്‍ കയ്യേറിയെന്നും അനധികൃതമായി നിലംനികത്തിയെന്ന ആരോപണങ്ങളും ഉയര്‍ന്നു. എന്നാല്‍ താന്‍ ക്രമക്കേട് നടത്തിയെന്ന് തെളിഞ്ഞാല്‍ മന്ത്രിസ്ഥാനം അല്ല എംഎല്‍എ സ്ഥാനം വരെ രാജിവെക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ പിന്നാലെ കൈയേറ്റം തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നിട്ടും ചാണ്ടി മുറുകെ പിടിച്ചിരുന്നു.

എന്നാല്‍ കൈയേറ്റം സ്ഥിരീകരിച്ച കലക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിക്ക് പ്രഹരമായെങ്കിലും രാജിയില്ലെന്ന നിലപാടില്‍ തന്നെ ആയിരുന്നു അദ്ദേഹം. കൂടാതെ ഇനിയും കൈയേറ്റം നടത്തുമെന്ന മന്ത്രിയുടെ വെല്ലുവിളി നിറഞ്ഞ ശബ്ദം ഘടകകക്ഷികളിലും മുറുമുറുപ്പ് ഉണ്ടാക്കി. ഇതിന് പിന്നാലെയാണ് കലക്ടറുടെ റിപ്പോര്‍ട്ടിന് എതിരെ അദ്ദേഹം കോടതിയെ സമീപിച്ചത്.

പിന്നാലെ ഹൈക്കോടതി മുഖത്തടി കൊടുത്തത് പോലെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയായിരുന്നു. തുടര്‍ന്ന് സിപിഐ ശക്തമായ നിലപാട് എടുത്തതോടെയാണ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചത്. സിപിഐയുടെ നിലപാടിനെതിരെ അദ്ദേഹം പരോക്ഷമായ അതൃപ്തി അറിയിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ