Latest News

സംസ്ഥാനത്ത് പ്രളയബാധിത മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മൂന്ന് ജില്ലകളിൽ സമ്പൂർണ്ണ അവധി. മറ്റിടങ്ങളിൽ താലൂക്കടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്

palakkad,sankuvarathodu

കൊച്ചി: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട, പാലക്കാട്, ഇടുക്കി ജില്ലകളിൽ പ്രൊഫഷനൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ പ്രൊഫഷനൽ കോളേജുകളും എംആർഎസുകളും ഒഴികെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയാണ്.  മറ്റു ജില്ലകളിൽ താലൂക്കടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കണ്ണൂർ, എംജി, ആരോഗ്യ സർവ്വകലാശാലകളിലെ പരീക്ഷകൾ മാറ്റി.

വയനാട് ജില്ലയിലെ ഐടിഐകളിൽ നടത്താനിരുന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റും മാറ്റിവച്ചു. കോട്ടയത്ത്  കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ പ്രൊഫഷണൽ കോളേജുകളൊഴികെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു.

മലപ്പുറത്ത് നിലമ്പൂർ ഏറനാട് താലൂക്കുകളിലെ എടവണ്ണ, ഊർങ്ങാട്ടിരി, അരീക്കോട്, കീഴുപറമ്പ്, പാണ്ടിക്കാട് പഞ്ചായത്തുകളിലും, കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട്, വാഴയൂർ, മുതുവല്ലൂർ, ചീക്കോട് എന്നിവിടങ്ങളിലും പ്രൊഫഷനൽ കോളേജുകൾ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ പ്രൊഫഷനൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും വെള്ളിയാഴ്ച അവധിയാണ്.  താമരശ്ശേരി താലൂക്കിലും നാദാപുരം, കുന്നുമേൽ, ബാലുശ്ശേരി, മുക്കം, പേരാമ്പ്ര വിദ്യാഭ്യാസ ഉപജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധിയാണ്.

എറണാകുളത്ത് കോതമംഗലം, കുന്നത്തുനാട്, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രൊഫഷനല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു.  കളമശ്ശേരി നഗരസഭ, ചേരാനല്ലൂർ ഗ്രാമപഞ്ചായത്തുകളിലെ പ്രൊഫഷനൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുണ്ട്. കടമക്കുടി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്കും അവധിയായിരിക്കും.

തൃശ്ശൂർ ജില്ലയിൽ ചാലക്കുടി താലൂക്കില്‍ പ്രൊഫഷനൽ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.  കണ്ണൂർ സർവ്വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീടറിയിക്കും. ആരോഗ്യ സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന അവസാന വർഷ‍ ബിഎസ്എംഎസ് ബിരുദ സപ്ലിമെന്‍ററി പരീക്ഷ ഒഴികെയുള്ള എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു. പ്രായോഗിക പരീക്ഷകള്‍ക്കു മാറ്റമില്ല. പുതിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് ആരോഗ്യ സർവ്വകലാശാല അറിയിച്ചു.

എംജി സർവ്വകലാശാല ഇന്ന് ഉച്ചയ്ക്കു ശേഷം നടത്താനിരുന്ന പരീക്ഷകളും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. എറണാകുളം, ഇടുക്കി ജില്ലകളിലെ ഐടിഐകളിൽ 10നും 11നും നടത്താനിരുന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് മാറ്റിവച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Educational institutions in flood hit places of kerala given holiday

Next Story
മന്ത്രിസഭ വികസനം; സിപിഎം സംസ്ഥാന സമിതിയും സെക്രട്ടേറിയേറ്റും ഇന്ന്ep jayarajan
The moderation of comments is automated and not cleared manually by malayalam.indianexpress.com