തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തിന് ജൂണ്‍ ഒന്നിന് തുടക്കം കുറിക്കുകയാണ്. ലക്ഷക്കണക്കിന് കുട്ടികളാണ് അറിവിന്റെ ലോകംതേടി സ്‌കൂളുകളിലേക്ക് പുറപ്പെടുന്നത്. ഈ വേളയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ചില ഉപദേശങ്ങള്‍ നല്‍കി കത്തെഴുതിയിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്.

കളിച്ചും ചിരിച്ചും ചിന്തിച്ചും അന്വേഷിച്ചും പഠനം ഓരോ ദിവസവും പുതിയ അനുഭവമാക്കി തീർക്കാൻ വിദ്യാർത്ഥികളോട് മന്ത്രി ആഹ്വാനം ചെയ്യുന്നു. വിദ്യാലയത്തെ വീടുപോലെ കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളെ ഉപദേശിക്കുകയും ചെയ്യുന്നു. കുട്ടികളെ അവരുടെ സ്വപ്‌നങ്ങളിലേക്കും സാധ്യതകളിലേക്കും വളരാനനുവദിക്കുക എന്നതാണ് രക്ഷിതാക്കളോട് മന്ത്രി നിര്‍ദ്ദേശിക്കുന്നത്.
കത്തിന്റെ പൂര്‍ണരൂപം:

‘പ്രിയ കൂട്ടുകാരേ,
പുതിയ അധ്യയന വര്‍ഷം തുടങ്ങുകയാണ്. കളിച്ചും ചിരിച്ചും ചിന്തിച്ചും അന്വേഷിച്ചും പഠനം ഓരോ ദിവസവും പുതിയ അനുഭവമായിത്തീരണം. വിദ്യാലയത്തെ വീടുപോലെ കാത്തുസൂക്ഷിക്കണം. നമ്മളേയും നമ്മുടെ കുടുംബത്തേയും നാം ജീവിക്കുന്ന സമൂഹത്തേയും നശിപ്പിക്കുന്ന എല്ലാ ദുശ്ശീലങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

നല്ല ഭക്ഷണവും ആവശ്യമായ പുസ്തകങ്ങളും മനസ്സുനിറയെ സ്‌നേഹവും ലഭിക്കുന്ന എല്ലാ സാഹചര്യങ്ങവും സ്‌കൂളിലൊരുക്കിയിട്ടുണ്ട്. അനുകൂല സാഹചര്യങ്ങളെ അവസരങ്ങളാക്കി മാറ്റി നാടിനും വീടിനും നന്മ ചെയ്യുന്ന നല്ല മനുഷ്യരായി വളരുക. വലിയ വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ ശീലിക്കണം. ഓര്‍ക്കുക, അരോ പുതിയ കാലവും പുതിയ പ്രതീക്ഷകളുടേത് കൂടിയാണ്.

ഇനി പ്രിയ രക്ഷിതാക്കളോട് ഒരു വാക്ക്,
കുട്ടികളെ അവരവരുടെ സ്വപ്‌നങ്ങളിലേക്കും സാധ്യതകളിലേക്കും വളരാന്‍ അനുവദിക്കുക. അവരെ ഒരിക്കലും മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്. ഓരോ കുട്ടുകളുടേയും കഴിവ് വ്യത്യസ്തമാണെന്ന് അറിയാമല്ലോ. സ്വന്തമായ കഴിവുകള്‍ വികസിപ്പിക്കുവാനുള്ള പ്രോത്സാഹനമാണവര്‍ക്കാവശ്യം. അവര്‍ സ്വയം നടന്നു കയറട്ടെ പ്രതീക്ഷകളിലേക്ക്. തണലായി അവര്‍ക്കൊപ്പമുണ്ടാവുക.’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ