Latest News

മെഗാ തിരുവാതിര അശ്രദ്ധകൊണ്ട് സംഭവിച്ചത്; ഒഴിവാക്കാമായിരുന്നു; വി.ശിവന്‍കുട്ടി

കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ നടത്തിയ തിരുവാതിരയ്ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു

CPM, Mega Thiruvathira

തിരുവനന്തപുരം: പാറശാലയില്‍ സിപിഎം സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന മെഗാ തിരുവാതിര ഒഴിവാക്കാമായിരുന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. “അശ്രദ്ധകൊണ്ട് സംഭവിച്ച് പോയതാണ്. തീര്‍ച്ചയായും ഒഴിവാക്കേണ്ട ഒന്നായിരുന്നു,” ശിവന്‍കുട്ടി പറഞ്ഞു.

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ പേരില്‍ തിരുവാതിരക്കെതിരെ പാറശാല പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. ജില്ലാ പഞ്ചായത്തംഗം സലൂജ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 550 പേര്‍ക്കെതിരെയാണ് കേസ്. തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് എം.മുനീര്‍ ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ജില്ലാ സമ്മേളനത്തിന് മുന്നോടിയായിരുന്നു സിപിഎം തിരുവാതിര സംഘടിപ്പിച്ചത്. കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ നടത്തിയ തിരുവാതിരയ്ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി അടക്കമുള്ളവര്‍ ചടങ്ങിന്റെ ഭാഗമായിരുന്നു.

പൊതുചടങ്ങുകളില്‍ 150 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂവെന്ന ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് തിരുവാതിര നടത്തിയത്. സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ആയിരങ്ങള്‍ പങ്കെടുത്തതും വിമര്‍ശനത്തിനിടയാക്കിയിരുന്നു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ പ്രത്യേക യോഗം ചേരുന്നുണ്ട്.

Also Read: പെരുമ്പാവൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; രണ്ട് പേര്‍ കസ്റ്റഡിയില്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Education minister v sivankutty on cpms mega thiruvathira at parassala

The moderation of comments is automated and not cleared manually by malayalam.indianexpress.com