കല്‍പറ്റ: ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്റെ വീട്ടിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഇന്ന് സന്ദർശനം നടത്തി. കൃഷിമന്ത്രി വി.എസ് സുനിൽ കുമാറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഷഹ്ലയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും കണ്ട് ആശ്വസിപ്പിച്ച മന്ത്രി കുടുംബത്തോട് മാപ്പ് പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഷഹ്ലയുടെ വീട് സന്ദർശിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രിയെ കൽപറ്റയിൽ വച്ച് എംഎസ്എഫ് പ്രവർത്തകരും ബത്തേരിയിൽ വച്ച് ബിജെപി പ്രവർത്തകരും കരിങ്കൊടി കാട്ടി. സ്കൂളിന് മുന്നിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരും മന്ത്രിയെ കരിങ്കൊടി കാണിച്ചു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ബത്തേരിയിലും പരിസരത്തും പൊലീസ് സാന്നിധ്യം ശക്തമാക്കിയിരുന്നു.
അതേസമയം സംഭവത്തിൽ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും ഹെഡ്മാസ്റ്ററെയും സസ്‌പെന്‍ഡ് ചെയ്യുകയും സ്‌കൂള്‍ പിടിഎ പിരിച്ചുവിടുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടേതാണ് നടപടി.
Read More: ഷഹ്‌ലയുടെ മരണം: പ്രിന്‍സിപ്പലിനും ഹെഡ്‌മാസ്റ്റർക്കും സസ്‌പെന്‍ഷന്‍; പിടിഎ പിരിച്ചുവിട്ടു
കുട്ടിക്കു യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പ്രൈമറി അധ്യാപകന്‍ സി.പി.ഷജില്‍ കുമാറിനെയും അകാരണമായി ചികിത്സ വൈകിപ്പിച്ചെന്ന ആരോപണത്തെത്തുടർന്ന് ഡോക്ടറെയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ പി.സുരേഷാണു കേസെടുത്തത്. സംസ്ഥാന പൊലീസ് മേധാവി, വയനാട് ജില്ലാ കലക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവരോട് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി.
ബത്തേരി സര്‍വജന ഗവ. ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഡ്വ. അസീസിന്റെയും അഡ്വ. സജ്‌ന ആയിഷയുടെയും മകള്‍ ഷഹ്‌ലയ്ക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ക്ലാസ് മുറിയില്‍വച്ച് പാമ്പുകടിയേറ്റത്. ക്ലാസ് മുറിയിലെ കോണ്‍ക്രീറ്റ് തറയില്‍ ചുമരിനോട് ചേര്‍ന്ന് രണ്ടു മാളങ്ങളുണ്ട്. ഇതിലൊന്നില്‍നിന്നാണു പാമ്പ് ഷഹ്‌ലയെ കടിച്ചത്.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് വിദ്യാലയങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിര്‍ദേശം നൽകി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലറിലൂടെയാണ് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
നവംബര്‍ 30 ന് മുന്‍പ് എല്ലാ സ്‌കൂളുകളിലും പിടിഎ മീറ്റിങ് വിളിച്ചു ചേര്‍ത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. സ്‌കൂളുകളിൽ ദ്വാരങ്ങളോ വിളളലുകളോ ഉണ്ടെങ്കിൽ അടുത്തമാസം അഞ്ചിന് മുൻപ് അടയ്ക്കണം, ക്ലാസ് മുറികളിൽ പാദരക്ഷകൾ ഉപയോഗിക്കുന്നത് വിലക്കരുത്, സ്കൂൾ പരിസരങ്ങളിലെ പാഴ്ചെടികളും പടർപ്പുകളും വെട്ടിമാറ്റാൻ നടപടിയെടുക്കണം എന്നും സർക്കുലറിൽ പറയുന്നു.
ശുചിമുറികളിൽ വെളിച്ചം ഉറപ്പാക്കണം, സ്കൂൾ പരിസരത്ത് പാഴ് വസ്തുക്കൾ കൂട്ടിയിട്ടിട്ടുണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യണം, വിദ്യാർഥികൾക്ക് ചെറിയ അസ്വസ്ഥത ഉണ്ടായാൽ പോലും ജാഗ്രതയോടെ വൈദ്യസഹായത്തിനുളള നടപടി എടുക്കണം എന്നും സർക്കുലറിൽ നിർദേശിച്ചിരിക്കുന്നു. നടപ്പാക്കിയ കാര്യങ്ങളുടെ പുരോഗതി ഡിസംബർ 10ന് മുൻപായി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കാനും വിദ്യാലയങ്ങള്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്.