തിരുവനന്തപുരം: സര്‍ക്കാരിന്റെ വിദ്യാഭ്യാസവായ്പാ തിരിച്ചടവ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ നാളെ മുതൽ അവസരം. അപേക്ഷാസമര്‍പ്പണത്തിനായി //elrs.kerala.gov.in/ എന്ന വെബ്സൈറ്റ് തുറന്നിട്ടുണ്ട്. വെബ്‌സൈറ്റ് ഉദ്ഘാടനം ഇന്ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ ഗുണഭോക്താക്കളായ കുട്ടികള്‍ നിര്‍വഹിച്ചു. അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈനായിട്ടായിരിക്കും സ്വീകരിക്കുക. തുടര്‍നടപടികളും മറ്റും ഓണ്‍ലൈനായിത്തന്നെ കാണുവാന്‍ സാധിക്കും.

വിദ്യാഭ്യാസവായ്പയെടുത്തു കടക്കെണിയിലായ സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാനാണ് വായ്പാ തിരിച്ചടവ് പദ്ധതി സര്‍ക്കാര്‍ ആവിഷ്കരിച്ചത്. കിട്ടാക്കടമായി ബാങ്ക് തീരുമാനിച്ച വിദ്യാഭ്യാസവായ്പകളും നിലവിൽ തിരിച്ചടവ് തുടരുന്ന വിദ്യാഭ്യാസവായ്പകളും തിരിച്ചടയ്ക്കുവാന്‍ ഈ സഹായപദ്ധതിയിലൂടെ സർക്കാർ സഹായിക്കും. 2016 മാര്‍ച്ച് 31നോ അതിനു മുമ്പോ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കപ്പെട്ട വായ്പകള്‍ തിരിച്ചടയ്ക്കുവാനാണ് സര്‍ക്കാര്‍ സഹായം നല്‍കുക.

പഠനകാലയളവിലോ വായ്പാകാലയളവിലോ അപകടം മൂലമോ അസുഖം മൂലമോ ശാരീരികമോ മാനസികമോ ആയ സ്ഥിരവൈകല്യം നേരിട്ടതോ മരണപ്പെട്ടു പോയതോ ആയ വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ തുകയും സര്‍ക്കാര്‍ വഹിക്കും. ആറു ലക്ഷം രൂപ വരെ കുടുംബവരുമാനമുള്ള, അംഗീകൃതസ്ഥാപനങ്ങളിൽ പ്രവേശനം ലഭിച്ചവർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. മാനേജ്മെന്റ്, എൻആർഐ ക്വാട്ടയിൽ പ്രവേശനം നേടിയവർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയില്ല. എന്നാല്‍ നഴ്സിംഗ് കോഴ്സിനെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ