കൽപ്പറ്റ: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. വിവിധ വിദ്യാർഥി,യുവജന സംഘടനകൾ കലക്ടറേറ്റിലേക്കു മാർച്ച് നടത്തി. എസ്എഫ്ഐ, കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കലക്ടേറ്റ് മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിച്ചു.
കലക്ടറേറ്റിനുള്ളിലേക്ക് ഓടിക്കയറിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി. കെഎസ്‌യു പ്രവര്‍ത്തകര്‍ ഡിഡി ഓഫീസിനു മുന്നില്‍ കിടന്ന് പ്രതിഷേധിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി.
സുൽത്താൻ ബത്തേരി സര്‍വജന സര്‍ക്കാര്‍ സ്കൂളിലെ വിദ്യാർഥികൾ തെരുവിലിറങ്ങി പ്രതിഷേധ മുദ്രാവാക്യം വിളിച്ചു. കഴുത്തിൽ പ്രതീകാത്മകമായി പാമ്പിനെ ചുറ്റിയാണ് വിദ്യാര്‍ത്ഥികൾ പ്രതിഷേധ പ്രകടനം നടത്തിയത്. ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേറ്റിട്ടും കുട്ടിക്ക് അടിയന്തര ചികിത്സ നല്‍കാന്‍ വൈകിയതില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
അതിനിടെ, സര്‍വജന സ്‌കൂളില്‍ ജില്ലാ ജഡ്ജി എ.ഹാരിസ് പരിശോധന നടത്തി. സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്നു ജില്ലാ ജഡ്ജി പറഞ്ഞു. ഹൈക്കോടതി ജഡ്ജിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കുട്ടിക്കു പാമ്പുകടിയേറ്റ ക്ലാസ് മുറിയും സ്‌കൂള്‍ പരിസരവും പരിശോധിച്ച അദ്ദേഹം ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നു പറഞ്ഞു. സംഭവത്തില്‍ അധ്യാപകരുടെ വീഴ്ച പരിശോധിക്കും.
എല്ലാ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് സമഗ്രമായ റിപ്പോര്‍ട്ടും അതില്‍ നടപടിയും ഉണ്ടാകുമെന്നും ജില്ലാ ജഡ്ജി പറഞ്ഞു. ഇന്നുച്ചയ്ക്കു രണ്ടരയ്ക്കു കല്‍പ്പറ്റയിലാണു യോഗം. ദയനീയ സാഹചര്യമാണ് സ്‌കൂളിലെന്ന് ജില്ലാ ജഡ്ജി വിലയിരുത്തി. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി കെ.സുനിതയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ജില്ലയിലെ മുഴുവൻ സ്കൂളുകളും പരിസരവും വൃത്തിയാക്കാൻ ഉത്തരവ്. സുൽത്താൻ ബത്തേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റു മരിച്ച പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടർ ഉത്തരവിറക്കിയത്. ഇന്ന് തന്നെ ജില്ലയിലെ എല്ലാ സ്കൂളുകളും പരിസരവും വൃത്തിയാക്കാനാണ് നിർദേശം. എല്ലാ ക്ലാസ് മുറികളും പ്രധാന അധ്യാപകന്റെ നേതൃത്വത്തിൽ പിടിഎ പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തണം. ഇത്തരത്തിൽ എല്ലാ മാസവും പരിശോധന തുടരണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ജില്ലാ ജഡ്ജി ഷഹ്‌ല പഠിച്ച സ്കൂളിൽ സന്ദർശനം നടത്തി. ഹൈക്കോടതി ജഡ്ജിയുടെ നിർദേശ പ്രകാരമാണ് സന്ദർശനം.
Also Read: പാമ്പു കടിയേറ്റു വിദ്യാർഥിനി മരിച്ച സംഭവം: അത്യന്തം ദുഖകരമെന്ന് മുഖ്യമന്ത്രി, ഡോക്ടർക്ക് സസ്‌പെൻഷൻ
അടിയന്തര സാഹചര്യത്തിൽ ഇടപെടുന്നതിൽ സ്കൂള്‍ അധികൃതർക്ക് വീഴ്ച പറ്റിയെന്ന് ഉത്തരവില്‍ പറയുന്നു. ജാഗ്രതക്കുറവ് തുടർന്നാൽ നടപടിയെടുക്കുമെന്നും ഉത്തരവിൽ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്ലാസ് മുറിയിൽ കുട്ടികൾ ചെരിപ്പ് ഉപയോഗിക്കുന്നത് വിലക്കരുതെന്നും കളിസ്ഥലങ്ങളിൽ അടക്കം വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഉത്തരവില്‍ നിർദേശിക്കുന്നു.
വയനാട്ടിലെ സ്കൂളുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് വയനാട് ജില്ലാ കലക്ടറും നിർദേശം നല്‍കിയിട്ടുണ്ട്. പാമ്പുകടിയേറ്റാൽ എന്ത് ചെയ്യണം എന്നതിൽ സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് പരിശീലനം നൽകണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്കും കലക്ടര്‍ നിർദേശം നല്‍കിയിട്ടുണ്ട്. ഇതിന് ജില്ലാ മെഡിക്കൽ ഓഫീസർ നേതൃത്വം നൽകണം. പരിശീലനം അവഗണിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
Also Read: പാമ്പുകടിയേറ്റ് വിദ്യാർഥിനി മരിച്ച സംഭവം: ബത്തേരിയില്‍ വന്‍ പ്രതിഷേധം; അധ്യാപകന് സസ്പെന്‍ഷന്‍
അതേസമയം, പാമ്പുകടിയേറ്റ കുട്ടിക്കു യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പ്രൈമറി അധ്യാപകന്‍ സി.പി.ഷജില്‍ കുമാറിനെയും അകാരണമായി ചികിത്സ വൈകിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ഡോക്ടറെയും സസ്‌പെന്‍ഡ് ചെയ്തിട്ടിട്ടുണ്ട്. സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ പി.സുരേഷാണു കേസെടുത്തത്. സംസ്ഥാന പൊലീസ് മേധാവി, വയനാട് ജില്ലാ കലക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവരോട് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി.
ബത്തേരി സര്‍വജന ഗവ. ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഡ്വ. അസീസിന്റെയും അഡ്വ. സജ്‌ന ആയിഷയുടെയും മകള്‍ ഷഹ്‌ലയ്ക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ക്ലാസ് മുറിയില്‍വച്ച് പാമ്പുകടിയേറ്റത്. ക്ലാസ് മുറിയിലെ കോണ്‍ക്രീറ്റ് തറയില്‍ ചുമരിനോട് ചേര്‍ന്ന് രണ്ടു മാളങ്ങളുണ്ട്. ഇതിലൊന്നില്‍നിന്നാണു പാമ്പ് ഷഹ്‌ലയെ കടിച്ചത്.
Also Read: ചരിത്രമെഴുതി കേരള സർക്കാർ; കർഷകർക്ക് പെൻഷനും ക്ഷേമനിധിയും
സ്കൂളിന് വീഴ്ച പറ്റിയെന്നാണ് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞത്. സംഭവത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് ലഭിച്ചുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകനെ സസ്‌പെൻഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വ്യക്തത വരാൻ വിശദമായ അന്വേഷണം വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്കൂൾ കെട്ടിടം പുതുക്കിപണിയാൻ നേരത്തെ തന്നെ പണം നൽകിയിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. നിലവിൽ സ്കൂളിലെ ക്ലാസ് മുറികളിലുള്ള കുഴികൾ അടയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചെരിപ്പിടാതെ ക്ലാസ് മുറിയിലിരിക്കണമെന്ന തരത്തിൽ ഒരു നിർദേശവും നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.