ആലുവ: വിവാദമായ എടത്തല പൊലീസ് മർദ്ദന കേസിൽ പൊലീസിന്റെ മര്‍ദ്ദനമേറ്റയാളെ സഹായിക്കാനെത്തിയ തീവ്രവാദികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് അതിക്രമം ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തിരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയ ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനും പ്രതിപക്ഷത്തിനും നേരെ ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ആലുവക്കാരെയെല്ലാം തീവ്രവാദികളാക്കാനാണോ മുഖ്യമന്ത്രി ശ്രമിക്കുന്നത് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ മറുചോദ്യം.

ആലുവ സ്വതന്ത്ര റിപബ്ലിക്കല്ല എന്ന് പറഞ്ഞ പറഞ്ഞ മുഖ്യമന്ത്രി. ഇന്നലത്തെ പ്രതിഷേധ പരിപാടിയിൽ കളമശേരിയിലെ ബസ് കത്തിക്കൽ കേസ് പ്രതിയടക്കം പങ്കെടുത്തിരുന്നുവെന്നും ഇവർക്ക് സഹായകരമാകുന്ന നിലപാട് പ്രതിപക്ഷം സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ പൊലീസിനെ മുഖ്യമന്ത്രി ന്യായീകരിക്കുന്നുവെന്ന് ആരോപിച്ച അൻവർ സാദത്ത് റമദാൻ കാലത്ത് തന്റെ അമ്മയെ പോലും പൊലീസുദ്യോഗസ്ഥൻ ആക്ഷേപിച്ചുവെന്ന് ആരോപണം ഉന്നയിച്ചു. എന്നാൽ മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത് എന്തിനാണ് റമദാൻ കാലത്ത് എന്ന് അതിൽ ഉപയോഗിക്കുന്നതെന്ന് തിരിച്ച് ചോദിച്ചു. ഇതിന് പിന്നിൽ സമൂഹത്തിൽ മതപരമായ ധ്രുവീകരണം നടത്താനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.

എടത്തലയിൽ ബൈക്കും കാറും കൂട്ടിമുട്ടിയപ്പോൾ ആദ്യം ആക്രമിച്ചത് ഉസ്‌മാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉസ്‌മാൻ പൊലീസിനെ ആക്രമിക്കുകയും പൊലീസ് തിരിച്ച് മർദ്ദിക്കുകയും ചെയ്തു. പൊലീസിനെ ആക്രമിച്ചതിന് ഉസ്‌മാനെതിരെയും ഉസ്‌മാനെ മർദ്ദിച്ചതിന് നാല് പൊലീസുകാർക്കെതിരെയും കേസെടുത്തെന്നും മുഖ്യമന്ത്രി സഭയിൽ വിശദീകരിച്ചു.

അതേസമയം, പൊലീസുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്‌ച ഉണ്ടായെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. പൊലീസുദ്യോഗസ്ഥർ പക്വതയോടെയല്ല പെരുമാറിയതെന്നും സാധാരണ മനുഷ്യരെ പോലെയാണ് പ്രതികരിച്ചതെന്നും പറഞ്ഞ മുഖ്യമന്ത്രി ഈ രീതി അംഗീരിക്കാൻ സാധിക്കുന്നതല്ലെന്നും പറഞ്ഞു.

അപ്പോഴേക്കും പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങി. അതേസമയം ഉസ്‌മാനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നിലും പിന്നീട് ആലുവയിലെ സർക്കാർ ആശുപത്രിക്ക് മുന്നിലും പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.