എടപ്പാൾ: മലപ്പുറം ജില്ലയിലെ എടപ്പാളിൽ രണ്ട് ഡോക്ടർമാരും മൂന്ന് നഴ്സുമാരും ഉൾപ്പെടെ അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. എടപ്പാളില്‍ ശനിയാഴ്ച വരെ ഇവര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. സമൂഹവ്യാപനം അറിയാനുള്ള സെന്റിനല്‍ സര്‍വൈലന്‍സ് പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. രോഗബാധിതർ അതിവസിക്കുന്ന വട്ടക്കുളം, എടപ്പാൾ ഗ്രാമപഞ്ചായത്തുകൾ കണ്ടൈൻമെൻ്റ സോണായി പ്രഖ്യാപിച്ചു കൊണ്ടുള്ള അറിയിപ്പ് ഉടനെ വരും എന്നാണ് സൂചന.
റാൻഡം ടെസ്റ്റിൽ ഇത്രയേറെ പേർ പൊസീറ്റീവായ സാഹചര്യത്തിൽ എടപ്പാൾ, വട്ടക്കുളം ഗ്രാമപഞ്ചായത്തുകളിൽ സാമൂഹിക വ്യാപനമുണ്ടായോ എന്ന ആശങ്ക ശക്തമായിട്ടുണ്ട്. എടപ്പാളിലെ ചില വാർഡുകൾ നേരത്തെ കണ്ടൈൻമെൻ്റ് സോണായി പ്രഖ്യാപിച്ചിരുന്നു. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ മലപ്പുറം ജില്ലാ കളക്ടർ പതിനൊന്ന് മണിക്ക് അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.
ഇന്നലെ വട്ടക്കുളം പഞ്ചായത്തിൽ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ എടപ്പാളിൽ ഒരു ഭിക്ഷാടകന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ രോഗഉറവിടത്തെ കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ല. ഇയാളിൽ നിന്നും ഒരു സർക്കാർ ഉദ്യോഗസ്ഥനും കൊവിഡ് ബാധിച്ചു. ഈ സാഹചര്യത്തിലാണ് മേഖലയിൽ റാൻഡം പരിശോധന നടത്താൻ തീരുമാനിച്ചത്. തുടർന്ന് എടപ്പാളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
Read More: കണ്ടക്‌ടർക്ക് കോവിഡ്; ഗുരുവായൂർ-കാഞ്ഞാണി റൂട്ടിലെ ബസ് യാത്രക്കാർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുക
സമൂഹവ്യാപനമുണ്ടായോ എന്നറിയാൻ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ മുൻനിരയിലുള്ള ആരോഗ്യപ്രവർത്തകർ പൊലീസുകാർ എന്നിവരും പൊതുജനസമ്പർക്കം കൂടുതലായി വരുന്ന വ്യാപാരികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിങ്ങനെ വ്യത്യസ്ത വിഭാഗത്തിൽ നിന്നുള്ളവരിൽ നിന്നുള്ള സാംപിളുകളാണ് റാൻഡം പരിശോധനയ്ക്കായി സ്വീകരിക്കുന്നത്.
അതേസമയം, നിലവിൽ സമൂഹവ്യാപനമുണ്ടായെന്ന് പറയാനാവില്ലെന്ന് മന്ത്രി കെ.ടി ജലീൽ അറിയിച്ചു. ആശങ്ക അകറ്റാനുള്ള നടപടികൾ സ്വീകരിക്കും. ഡോക്ടർമാരുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരെയും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന് പുറമേ തൃശൂർ ജില്ലയിൽ ഭീതിപരത്തി കെഎസ്‌ആർടിസി കണ്ടക്‌ടർക്ക് രോഗബാധ സ്ഥിരീകരിച്ചതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഗുരുവായൂർ ഡിപ്പോയിലെ കണ്ടക്‌ടർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം എടപ്പാൾ സ്വദേശിയാണ് കണ്ടക്‌ടർ. കോവിഡ് ബാധിതനായ കണ്ടക്‌ടർ യാത്ര ചെയ്‌ത ബസിൽ ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.
ഗുരുവായൂർ കെഎസ്‌ആർടിസി ഡിപ്പോ അടച്ചു. ഈ കെഎസ്‌ആർടിസി ബസിൽ ഗുരുവായൂർ-കാഞ്ഞാണി റൂട്ടിൽ ജൂൺ 25 വ്യാഴാഴ്‌ച യാത്ര ചെയ്‌തവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. ജൂൺ 25 നു രാവിലെ 8.30 നാണ് ബസ് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ടത്. കാഞ്ഞാണി വഴിയാണ് ബസ് തൃശൂരിലെത്തിയത്. കാഞ്ഞാണി-അരിമ്പൂർ ഭാഗത്തുനിന്ന് നിരവധിപേർ ഈ ബസിൽ കയറിയതായാണ് വിവരം.