മലപ്പുറം: എടപ്പാളില്‍ സിനിമാ തിയ്യറ്ററില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ വീഴ്ച്ച വരുത്തിയ ചങ്ങരംകുളം എസ്‌ഐ കെജി ബേബിയെ അറസ്റ്റ് ചെയ്തു. നേരത്തെ ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തിയിരുന്നു. കേസെടുക്കാന്‍ വൈകിയതാണ് ഇയാള്‍ക്കെതിരെ നടപടിയിലേക്ക് നീങ്ങിയത്.

പോക്‌സോ വകുപ്പ് പ്രകാരം പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം നടപടിയെടുക്കണമെന്നാണ്. എന്നാല്‍ ഇത് ചങ്ങരംകുളം എസ്‌ഐ ലംഘിച്ചെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇദ്ദേഹത്തിനെതിരെ പോക്‌സോ പ്രകാരം കേസ് എടുക്കുന്നത്. അതേസമയം അറസ്റ്റ് ചെയ്ത എസ്‌ഐയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

സംഭവം പുറത്തു കൊണ്ടുവരാന്‍ സഹായിച്ച തീയേറ്റര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തത് ശരിയായ രീതിയിലല്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞതിന് പിന്നാലെയാണ് എസ്.ഐയുടെ അറസ്റ്റ്. സംഭവത്തില്‍ തൃശ്ശൂര്‍ റേഞ്ച് ഐ.ജിയേയും മലപ്പുറം എസ്.പിയേയും ഡി.ജി.പി ശാസിച്ചു.

എടപ്പാളില്‍ തിയേറ്ററിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ തിയ്യറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചിരുന്നു. സംഭവം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെയാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്.

അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ സംഭവത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും മറുപടി ലഭിച്ചതിന് ശേഷം നടപടി സ്വീകരിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതില്‍ തൃപ്തരാകാതെയാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചത്. ശേഷം സഭയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. മുഖ്യമന്ത്രി പൊലീസുകാരെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയശേഷമാണ് സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ വിമര്‍ശിച്ചിരുന്നു. തിയേറ്റര്‍ ഉടമയ്‌ക്കെതിരെയുളളത് കെട്ടിച്ചമച്ച കുറ്റാരോപണമെന്നും അറസ്റ്റ് അപലപനീയമെന്നും അവര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.