എടപ്പാൾ: മലപ്പുറത്തെ തിയേറ്റർ പീഡനക്കേസിൽ തിയേറ്ററുടമയ്ക്ക് എതിരായ കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. ഇദ്ദേഹം പ്രവർത്തിച്ചത് സദുദ്ദേശത്തോടെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് പിൻവലിക്കാൻ ഡിജിപി നിർദ്ദേശിച്ചിരിക്കുന്നത്.
തിയേറ്ററിനകത്ത് വച്ച് പത്തുവയസുകാരിയായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട കേസിൽ എടപ്പാളിലെ ശാരദ തിയേറ്ററുടമയായ സതീശനെ മുഖ്യ സാക്ഷിയാക്കാനാണ് തീരുമാനം.
എടപ്പാളിലെ തിയേറ്റർ പീഡന വിവരം തക്ക സമയത്ത് അറിയിച്ചില്ലെന്ന് ആരോപിച്ച് തിയേറ്ററുടമയായ സതീശനെതിരെ അന്വേഷണ സംഘം കേസെടുത്തിരുന്നു. ഇദ്ദേഹത്തെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. പീഡനവിവരം കൃത്യസമയത്ത് അറിയിച്ചില്ലെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നുമാണ് തിയേറ്റർ ഉടമയ്ക്കെതിരെ പൊലീസ് ചുമത്തിയ കുറ്റം.
ഈ കേസ് പിൻവലിക്കാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയശേഷമായിരുന്നു സതീഷിന്റെ അറസ്റ്റ്. തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ വനിതാ കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻ വിമർശിച്ചിരുന്നു. തിയേറ്റർ ഉടമയ്ക്കെതിരെയുളളത് കെട്ടിച്ചമച്ച കുറ്റാരോപണമെന്നും അറസ്റ്റ് അപലപനീയമെന്നും അവർ പറഞ്ഞിരുന്നു.