തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉപേക്ഷിക്കാന്‍ തീരുമാനിച്ച ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ യാഥാര്‍ഥ്യമായി. പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിനു സമര്‍പ്പിക്കും. അടൂരിലെ ഗ്രീന്‍വാലി ഓഡിറ്റോറിയത്തില്‍ വൈകീട്ട് അഞ്ചിനാണ് ഉദ്ഘാടനം. വൈദ്യുതി മന്ത്രി എം.എം.മണി അധ്യക്ഷനാകും.

447 ടവറുകളില്‍ 351 എണ്ണവും പൂർത്തീകരിച്ചത് ഈ സർക്കാരിന്റെ കാലത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടു. 148 കിലോ മീറ്ററില്‍ 138 കിലോ മീറ്റര്‍ ലൈനും മൂന്നേകാല്‍ വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി. സംസ്ഥാനത്തിന്റെ വികസനത്തിന് വൻ കുതിപ്പേകുന്ന സ്വപ്ന പദ്ധതിയാണ് ഇന്ന് നാടിനു സമർപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also:വാളയാര്‍ കേസ്: പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയെന്ന് മുഖ്യമന്ത്രി

ഉപേക്ഷിക്കാൻ തീരുമാനിച്ച ഒരു പദ്ധതി കൂടി ഈ സർക്കാരിന്റെ ഇച്ഛാശക്തിയിൽ സാധ്യമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. എതിര്‍പ്പുയര്‍ത്തിയവരെ വിശ്വാസത്തിലെടുത്തും മതിയായ നഷ്ടപരിഹാരം നൽകിയുമാണ് ഇടമൺ-കൊച്ചി പവർ ഹൈവേ സർക്കാർ പൂർത്തിയാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗെയിൽ പൈപ്പ് ലൈൻ, ദേശീയപാതാ വികസനം, ജലപാത വികസനം തുടങ്ങി ദീർഘകാലം മുടങ്ങി കിടന്ന സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതികൾ പലതും സാക്ഷാത്ക്കരിക്കപ്പെടുകയാണ്. പദ്ധതികൾ മുടങ്ങിക്കിടക്കാനുള്ളതല്ല, പൂർത്തിയാക്കാനുള്ളതാണെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.