കൊച്ചി: പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസിൽ ടി.ഒ.സൂരജിനെതിരെ നടപടി. അദ്ദേഹത്തിന്റെ പേരിലുളള എട്ട് കോടിയിലേറെ മൂല്യം വരുന്ന സ്വത്തുക്കൾ എൻഫോഴ്മെന്റ് ഡയറക്റ്ററേറ്റ് കണ്ടുകെട്ടി. അദ്ദേഹത്തിന്റെ പേരിലുള്ള വീട്, ഫ്ലാറ്റ്, ഗോഡൗണ്‍, നാല് വാഹനങ്ങള്‍, 23 ലക്ഷം രൂപ എന്നിവയാണ് കണ്ടുകെട്ടിയത്.

സൂരജ് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് നേരത്തെ വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ വിജിലൻസ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ഇതിനിടെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് സമാന്തര അന്വേഷണം നടത്തി. ഇതിലും സൂരജ് കുറ്റക്കാരനാണെന്ന് വ്യക്തമായി. ഇതോടെയാണ് നടപടി.

പ്രാഥമിക നടപടിയെന്ന നിലയിലാണ് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് സൂരജിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയത്. അദ്ദേഹത്തിന് ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സമയം അനുവദിച്ചിട്ടുണ്ട്. 2004 മുതൽ 2014 വരെയുളള കാലഘട്ടത്തിലെ വരുമാനവും സ്വത്തുക്കളുമാണ് പഠന വിധേയമാക്കിയത്.

ഈ പത്ത് വർഷത്തിൽ സൂരജിന്റെ സ്വത്തിൽ 114 ശതമാനത്തിന്റെ വർദ്ധനവുണ്ടായെന്നാണ് വിജിലൻസിന്റെ കണക്ക്. 11 കോടി രൂപയുടെ അനധികൃത സമ്പാദ്യമുണ്ടെന്നാണ് കണ്ടെത്തിയത്. വിജിലന്‍സ് കുറ്റപത്രത്തിൽ ഇത് സൂചിപ്പിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.