തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ സിഎസ്ഐ ആസ്ഥാനത്തും അനുബന്ധ കേന്ദ്രങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്.
കാരക്കോണത്തെ സഭയുടെ കീഴിലുള്ള ഡോ. സോമർവെൽ മെമ്മോറിയൽ സിഎസ്‌ഐ മെഡിക്കൽ കോളജ് പ്രവേശനത്തിന് ക്യാപിറ്റേഷൻ ഫീസ് വാങ്ങി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡിയുടെ നടപടി.
സിഎസ്‌ഐ ദക്ഷിണ കേരള ബിഷപ്പ് ധർമരാജ് റസാലം, 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥിയായി മത്സരിച്ച മെഡിക്കൽ കോളജ് ഡയറക്ടർ ഡോ. ബെന്നറ്റ് എബ്രഹാം, സിഎസ്ഐ സഭാ സെക്രട്ടറി പ്രവീൺ എന്നിവരുടെ വസതികളിലാണ് റെയ്ഡ് നടന്നത്.
വിദ്യാർത്ഥികളിൽ നിന്ന് ക്യാപിറ്റേഷൻ ഫീസ് രസീതോ ബില്ലുകളോ ഇല്ലാതെ ഈടാക്കുകയും പ്രത്യേക അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതായും സഭയ്ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. 2018 ൽ 11 വിദ്യാർഥികൾ വ്യാജ സമുദായ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനെ തുടർന്നാണ് കോളജിലേക്കുള്ള പ്രവേശനം വിവാദമായത്.
ക്യാപിറ്റേഷൻ ഫീസ് ഈടാക്കിയ വിദ്യാർഥികൾക്ക് കോളജിൽ പ്രവേശനം നൽകിയില്ലെന്ന പരാതിയിൽ കഴിഞ്ഞ വർഷം കേരള പൊലീസ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കേസില്‍ തെളിവുകൾ കണ്ടെത്താനായില്ലെന്ന് ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. അന്വേഷണ റിപ്പോർട്ട് കോടതി തള്ളുകയും ചെയ്തിരുന്നു.