തിരുവനന്തപുരം: സിഎസ്ഐ ബിഷപ്പ് ധർമരാജ് റസാലത്തിന്റെ വിദേശയാത്ര തടഞ്ഞു. യുകെയിലേക്ക് പോകാൻ എത്തിയ ബിഷപ്പിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ എമിഗ്രേഷൻ അധികൃതർ തടയുകയായിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി ) നിർദേശത്തെ തുടർന്നാണ് നടപടി. കാരക്കോണം മെഡിക്കല്‍ കോളേജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം നടക്കുന്നതിനിടെയാണ് ബിഷപ് വിദേശയാത്രയ്ക്ക് ശ്രമിച്ചത്. നാളെ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാൻ ഇഡി ബിഷപ്പിന് നിർദേശം നൽകി.
കേസുമായി ബന്ധപ്പെട്ട് സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാനത്തും സഭാ സെക്രട്ടറിയുടെയും കോളേജ് ഡയറക്ടറുടെ വീട്ടിലുമായി ഇഡി ഇന്നലെ പരിശോധന നടത്തിയിരുന്നു. 13 മണിക്കൂറോളം നീണ്ടു നിന്ന പരിശോധനയ്ക്കിടെ ബിഷപ് ധർമരാജ് റസാലത്തിനെയും ഇഡി ചോദ്യം ചെയ്തതായാണ് വിവരം. രാത്രി വരെ നീണ്ടു നിന്ന പരിശോധനയ്ക്ക് ശേഷമാണ് ബിഷപ് ഇന്ന് രാവിലെ വിമാനത്താവളത്തിൽ എത്തിയത്. പ്രൊട്ടസ്റ്റന്റ് സഭകളുടെ മേലധ്യക്ഷ സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു ബിഷപ്പിന്റെ യാത്ര.
മെഡിക്കൽ കോളജിൽ വിദ്യാർഥികളിൽനിന്ന് തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നടതക്കമുള്ള കേസുകളിലാണ് ഇഡി അന്വേഷണം നടത്തുന്നത്. അന്തരിച്ച മുൻ മന്ത്രി വി ജെ തങ്കപ്പന്റെ മകൻ വി ടി മോഹനന്റെ പരാതിയിൽ വെള്ളറട പൊലീസാണ് തലവരിപ്പണം വാങ്ങിയെന്ന കേസ് ആദ്യം റജിസ്റ്റർ ചെയ്തത്. ഇതിനെ തുടർന്നാണ് കേസിൽ ഇഡി അന്വേഷണം ആരംഭിച്ചത്.
പാളയം എല്‍എംഎസിലെ ബിഷപ്പ് ധര്‍മരാജ് റസാലത്തിന്റെ ഓഫീസ്, കാരക്കോണം മെഡിക്കല്‍ കോളേജ് ഓഫീസ്, ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന്റെ ശ്രീകാര്യം ഗാന്ധിപുരത്തെ വീട്, സഭാ സെക്രട്ടറി പ്രവീണിന്റെ നെയ്യാറ്റിന്‍കരയിലെ ലെ എന്നിവിടങ്ങളിലായാണ് തിങ്കളാഴ്ച ഇഡി പരിശോധന നടത്തിയത്. കേസിൽ ചോദ്യം ചെയ്യലിനായി ഇഡി ബിഷപ്പ് അടക്കമുള്ളവർക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ഇവർ ഹാജരായിരുന്നില്ല. തുടർന്നാണ് പരിശോധന നടത്താനുള്ള നീക്കത്തിലേക്ക് ഇഡി കടന്നതെന്നാണ് സൂചന.
അതേസമയം, ഇഡിയുടെ കേസിനും പരിശോധനയ്ക്കും പിന്നാലെ ബിഷപ്പിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ തർക്കങ്ങളും ഉടലെടുത്തിട്ടുണ്ട്. ബിഷപ്പ് സ്ഥാനത്ത് നിന്ന് സ്വയം മാറിനിൽക്കണമെന്ന ആവശ്യവുമായി വിമതപക്ഷം രംഗത്തെത്തിയിട്ടുണ്ട്. അതേസമയം സഭയെ തകർക്കാൻ ശ്രമിക്കുന്നവരാണ് ആരോപണങ്ങൾക്ക് പിന്നിൽ എന്ന വാദമാണ് ബിഷപ്പിനെ അനുകൂലിക്കുന്നവർ ഉയർത്തുന്നത്.