കൊച്ചി: ലൈഫ്മിഷന്‍ കോഴയിടപാടില്‍ മുഖ്യമന്ത്രി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഇന്നലെയാണ് അന്വേഷണ സംഘം കുറ്റപത്രം നല്‍കിയത്. അറസ്റ്റിനുശേഷം 59ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്വാഭാവിക ജാമ്യം തടയുന്നതിനാണ് ഇഡിയുടെ നടപടി.
മറ്റു പ്രതികള്‍ക്കെതിരെ അന്വേഷണം നടക്കുന്നുവെന്നും ഇ ഡി കുറ്റപത്രത്തില്‍ പറയുന്നു. യൂണിടാക്ക് കോഴ കേസില്‍ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ ഒന്‍പതാം പ്രതിയാണ് എം. ശിവശങ്കര്‍. ഇടപാടിലെ മുഖ്യ സൂത്രധാരന്‍ ശിവശങ്കറാണെന്ന് ഇഡി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. നിര്‍മാണ കരാര്‍ യൂണിടാക്കിന് ലഭിച്ചതുവഴി വിതരണം ചെയ്ത കോഴപ്പണം കൈപ്പറ്റിയെന്നും ഇത്തരത്തില്‍ ലഭിച്ച പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പനാണ് കേസില്‍ അറസ്റ്റിലായ മറ്റൊരാള്‍. മറ്റ് പ്രതികള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.
നിലവില്‍ കാക്കനാട് ജയിലിലാണ് ശിവശങ്കര്‍ കഴിയുന്നത്. ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 15നാണ് ശിവശങ്കര്‍ അറസ്റ്റിലാവുന്നത്. മൂന്നു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റുണ്ടായത്. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റില്‍ നടന്ന ചോദ്യം ചെയ്യലിനൊടുവില്‍ ഡല്‍ഹിയിലെ ഉന്നത ഉദ്യോ?ഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് അറസ്റ്റുണ്ടായത്. ലോക്കറില്‍ നിന്ന് ലഭിച്ച ഒരു കോടി രൂപ ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കറിന് ലഭിച്ചെന്നതടക്കമുള്ള ആരോപണങ്ങള്‍ ശിവശങ്കര്‍ നിഷേധിച്ചിട്ടുണ്ട്.