എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ക്യാമ്പസ് ഫ്രണ്ട് നേതാവിനെ റിമൻഡ് ചെയ്തു. പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി വിഭാഗമായ കാമ്പസ് ഫ്രണ്ടിന്റെ ദേശീയ ജനറൽ സെക്രട്ടറിയും കൊല്ലം കടയ്ക്കൽ ചുണ്ട സ്വദേശിയുമായ റൗഫ് ഷെരീഫിനെയാണ്(26) റിമാൻഡ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ വിദേശ സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട കേസാണ് എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നത്.

മസ്‌കത്തിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു റൗഫിനെ വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ഇമിഗ്രേഷന്‍ പരിശോധനക്ക് തൊട്ടുമുൻപ് ഡല്‍ഹിയില്‍നിന്നുള്ള ഇഡി ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു.

Read More: സിഎഎ പ്രതിഷേധങ്ങളുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചു; പോപ്പുലർ ഫ്രണ്ടിനെതിരെ എൻഫോഴ്‌സ്‌മെന്റ്

അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് എറണാകുളത്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ റൗഫിനെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ്‌ ചെയ്യുകയായിരുന്നു. റൗഫിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് കോടതിയിൽ അപേക്ഷ നൽകും.

ഹാഥ്സിലേക്ക് പുറപ്പെട്ട് യു .പി പൊലീസിന്റെ പിടിയിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനടക്കമുള്ളവരെ റൗഫിന് അറിയാമെന്നും മുൻകൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമായിരുന്നു യാത്രയെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് പറയുന്നു. ഇവർക്ക് സാമ്പത്തിക സഹായവും നിർദ്ദേശങ്ങളും നൽകിയത് റൗഫാണെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞു.

Read More: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇഡി റെയ്ഡ്

കാമ്പസ് ഫ്രണ്ടിന്റെ പേരിൽ അക്കൗണ്ടില്ലന്നും റൗഫാണ് സംഘടനയുടെ പരിപാടികൾക്ക് ധനസഹായം നൽകുന്നതെന്നുമാണ് കണ്ടെത്തൽ. യുപി പൊലീസിന്റെ കസ്റ്റഡിയിലുള്ള കാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറർ അതീഖർ റഹ് മാന്റെ അക്കൗണ്ടിലേക്ക് റൗഫ് പണം കൈമാറിയെന്നും എൽഫോഴ്സ്മെൻറ് റിമാൻഡ് റിപോർട്ടിൽ പറയുന്നു.

റൗഫിന് ഐസിഐസിഐ, ഫെഡറൽ ,ആക്സിസ് ബാങ്കുകളിൽ അക്കൗണ്ടുകൾ ഉണ്ടെന്നും വിദേശത്ത് നിന്ന് വൻതുക അക്കൗണ്ടിൽ എത്തിയതിന് ഡിജിറ്റൽ രേഖകൾ ഉണ്ടെന്നും റൗഫ് അന്വേഷണവുമായി സഹകരിക്കുന്നില്ലന്നും എൻഫോഴ്സ്മെൻറ് കോടതിയെ ബോധിപ്പിച്ചു. റൗഫിനെ കൂടുതൽ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്സ്മെൻറ് ഈയാഴ്ച കസ്റ്റഡിയിൽ വാങ്ങും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook