തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിൽ വർധനവുണ്ടായതായി സാമ്പത്തിക അവലോകന റിപ്പോർട്ട്. 2017-18 വർഷത്തിൽ വളർച്ചാ നിരക്ക് 7.18 ആയി. ധനകമ്മിയും റവന്യൂ കമ്മിറ്റിയും കുറഞ്ഞു. എന്നാൽ പ്രതീക്ഷ വളർച്ച കൈവരിക്കാനായില്ലെന്നും സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു.

സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും സർക്കാർ ചെലവ് ചുരുക്കാനല്ല, കൂട്ടാനാണ് ബജറ്റിൽ പരിശ്രമിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. മാന്ദ്യത്തെ മറികടക്കുന്നതിന് ഉത്തേജകമായി ബജറ്റ് മാറണമെന്നാണ് കാഴ്ചപ്പാടെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം, പ്രളയം മൂലം പ്രതീക്ഷിച്ച 1.5 ശതമാനം വളർച്ചാ നിരക്ക് ഉണ്ടായില്ലെന്നും ജിഎസ്ടി പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക വളർച്ചാ നിരക്ക് 2016-17 ൽ 6.22 ആയിരുന്നു. 2016-17 ൽ 2.51 ആയിരുന്ന റവന്യൂ കമ്മി ഇത്തവണ 2.46 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ധനകമ്മി 4.29 ൽ നിന്നും 3.9 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കാർഷിക മേഖലയിലും വ്യവസായ മേഖലയിലുമാണ് വലിയ രീതിയിൽ വളർച്ച കൈവരിച്ചതെന്നും സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. പ്രളയത്തിൽ കാർഷിക മേഖലയ്ക്ക് വൻ നഷ്ടമുണ്ടായെങ്കിലും വളർച്ച കൈവരിക്കാൻ കഴിഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു.

നാളെയാണ് സംസ്ഥാന ബജറ്റ്. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണ പദ്ധതികൾക്ക് വ്യക്തമായ രൂപം നൽകിക്കൊണ്ടുള്ള ബജറ്റാകും ധനമന്ത്രി തോമസ് ഐസക് നാളെ നിയമസഭയിൽ അവതരിപ്പിക്കുക. ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താം ബജറ്റ് എന്ന പ്രത്യേകതയുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.