കൊച്ചി: മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ പ്രാഥമിക തെളിവുകൾ കാണുന്നുണ്ടെന്ന് കോടതി വിലയിരുത്തൽ. ഇബ്രാഹിം കുഞ്ഞിന്റെയും മകന്റെയും കരാറിന് ശ്രമം നടത്തിയ മറ്റ് ലീഗ് നേതാക്കളുടെയും മൊഴികൾ ഹാജരാക്കാൻ വിജിലൻസിന് കോടതി നിർദേശം നൽകി.

ഇബ്രാഹിം കുഞ്ഞ് ചന്ദ്രികയുടെ അക്കൗണ്ടിൽ 10 കോടി നിക്ഷേപിച്ചെന്ന ആരോപണത്തിൽ സ്വീകരിച്ച നടപടി അറിയിക്കാൻ എൻഫോഴ്സ്മെൻറ് ഡയറക്ടർക്കും കോടതി നിർദേശം നൽകി. സ്വീകരിച്ച നടപടി രണ്ടാഴ്ചക്കകം അറിയിക്കണം. പരാതിക്കാരനായ ഗിരീഷ് കുമാറിനെ ക്രിമിനൽ ഉദ്ദേശ്യത്തോടെ ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ടെന്ന് കളമശേരി പൊലീസ് അറിയിച്ചു.

Read Also: ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണക്കേസ്: എറണാകുളത്ത് ലീഗിൽ പൊട്ടിത്തെറി, ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന കമ്മിറ്റി തടഞ്ഞു

കേസിൽ തുടർനടപടിക്കുള്ള അനുമതിക്കായി ക്രിമിനൽ ചട്ടം 506 (1) പ്രകാരം ആലുവ മജിസ്ടേറ്റിന്റെ അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഗിരീഷ് കുമാറിനെ ഭീഷണിപ്പെടുത്തിയത് അന്വേഷിക്കാൻ കോടതി കളമശേരി പൊലീസിന് നിർദേശം നൽകിയിരുന്നു.

വി.കെ.ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ വിജിലൻസ് ലീഗ് നേതാക്കളുടെ മൊഴിയെടുത്തിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.എ.അഹമ്മദ് കബീർ, എസ്‌ടിയു ജില്ലാ ജനറൽ സെക്രട്ടറിയും കളമശേരി നഗരസഭാ വൈസ് ചെയർമാനുമായ ടി.എസ്.അബൂബക്കർ, ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഹംസ പറക്കാടൻ, ലീഗ് കളമശേരി ടൗൺ പ്രസിഡന്റ് പി.എം.എ.ലത്തീഫ് എന്നീ നേതാക്കളുടെ മൊഴിയാണ് എടുത്തത്.

Read Also: പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; നിലപാടിലുറച്ച് സംസ്ഥാന സർക്കാർ

ഇബ്രാഹിം കുഞ്ഞ് ഗവേണിങ് ബോഡി ചെയർമാനായ പത്രത്തിന്റെ അക്കൗണ്ടിൽ നോട്ട് നിരോധന കാലത്ത് നിക്ഷേപിച്ച് കണക്കിൽപ്പെടാത്ത 10 കോടി രൂപ വെളുപ്പിച്ചെന്നും ഇത് പാലാരിവട്ടം പാലം അടക്കമുള്ള സർക്കാർ പദ്ധതികളിൽനിന്ന് ലഭിച്ച അഴിമതിപ്പണമാണെന്നുമാണ് ആരോപണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.