Easter 2020: ‘നമ്മള് ഒറ്റപ്പെട്ടു പോയെങ്കിലും വിശാലമായ സ്നേഹത്താല്‍ പരസ്പരം സഹായിക്കാം…’
ഈ വര്‍ഷത്തെ വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന് നല്കിയ സന്ദേശത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു. ആ അവസ്ഥയില്‍ ഇരുന്നു കൊണ്ട് തന്നെയാണ് ഇത്തവണത്തെ ഉയിര്‍പ്പ് തിരുനാളും വിശ്വാസികള്‍ ഓർമ്മിക്കുന്നത്. ഒഴിവാക്കാനാവത്ത ഒരു കുരിശുമരണത്തിലൂടെ ദൈവപുത്രന് പോലും കടന്നു പോകേണ്ടി വന്നിട്ടുണ്ട്.
പക്ഷേ, മൂന്നാം ദിവസം മരണത്തെ തോല്‍പ്പിച്ച് അവന് ഉയര്‍ത്തെഴുന്നേറ്റു. താങ്ങാവുന്നതിലുമപ്പുറമുള്ള പീഢാനുഭവത്തിലൂടെയാണ് കടന്നു പോകേണ്ടതെന്ന് അറിയാവുന്ന ഈശോ, രക്തം വിയര്‍ത്ത് പ്രാര്‍ത്ഥിച്ചു,’എന്റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നു പോകട്ടെ…'(മത്തായി 26:39). പക്ഷേ, ദൈവഹിതം നിറവേറുന്നതിന് അനുസരണയുള്ള പുത്രനായ്, മരിച്ചവരെ ഉയര്‍പ്പിച്ച തമ്പുരാന് മൂന്നാണിയില്‍ പിടഞ്ഞു മരിച്ചു.
Read Here: Easter 2020: പ്രിയപ്പെട്ടവര്‍ക്ക് നേരാം ഈസ്റ്റര്‍ ആശംസകള്‍

Easter 2020: മൂന്നാം ദിവസം മരണത്തെ തോല്‍പ്പിച്ച് അവന് ഉയര്‍ത്തെഴുന്നേറ്റു
തന്റെ ഇഷ്ടം പൂര്‍ത്തിയാക്കിയ പുത്രന് മരണത്തിന്റെ മേലും അധികാരം നല്കി മൂന്നാം ദിവസം ദൈവം ഉയര്‍പ്പിച്ചു. ഒരു ഉയര്പ്പുണ്ടാകണമെങ്കില് സഹനം നിറഞ്ഞ ഒരു കാലത്തെക്കൂടി അതിജീവിക്കണമെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു ഈ ഈസ്റ്റര്‍.
ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവാണ് വിശ്വാസിയുടെ ജീവിതത്തിലൂടനീളം പ്രത്യാശയുടെ പ്രതീകമാകുന്നത്. ‘ഞാന്‍ നിങ്ങളെ അനാഥരായ് വിടുകയില്ല.’ (യോഹന്നാന് 14:18) പരീക്ഷകളില്‍ തളരുന്നവന് ഈശോ നല്കുന്ന ഉറപ്പാണത്. മരണത്തെ മുന്നില്‍ക്കണ്ട് ഒരുവന് അനുഭവിച്ച മാനസികവ്യഥയും പിന്നീട് അനുഭവിച്ച അസ്ഥിനുറുങ്ങുന്ന വേദനകളും, നിന്ദനങ്ങളും, തള്ളിപ്പറച്ചിലും, സ്നേഹിതന്റെ ഒറ്റികൊടുക്കലും അങ്ങനെ ഒരു മനുഷ്യായസ്സില്‍ അനുഭവിക്കേണ്ടതെല്ലാം നേരിട്ടാണ് ക്രിസ്തു തന്റെ ഈ ലോകജീവിതം അവസാനിപ്പിക്കുന്നത്. നാം കടന്നു പോകുന്ന ഏതവസ്ഥയും അറിയാവുന്ന… ഒരുപക്ഷേ, നമ്മളേക്കാള്‍ ഒരു പടി കൂടി കടന്ന് അനുഭവിച്ചിട്ടുള്ള തമ്പുരാന്റെ മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ വിശദീകരിക്കുകയല്ല, സ്വയം വിശുദ്ധീകരിക്കുകയാണ് വേണ്ടതെന്ന് ചുരുക്കം.

Easter 2020: കല്ലറയിലെ ഇരുട്ടു മാറ്റി പുറത്തുവന്ന ദൈവപുത്രന്റെ ഉയര്‍പ്പ് തിരുനാള്‍
എല്ലാ വര്‍ഷവും കിട്ടുന്ന കുരുത്തോല ഇത്തവണ ക്രൈസ്തവ ഭവനങ്ങളില്‍ കിട്ടിയിട്ടില്ല. പെസഹാ വ്യാഴത്തിന്റെ കാല്‍കഴുകല്‍ പള്ളികളില്‍ നടന്നിട്ടില്ല. കുരിശു ചുമന്നുള്ള പരിഹാര പ്രദക്ഷിണം ദുഃഖവെള്ളിയാഴ്ച നടത്താനായില്ല. പാതിരാക്കുര്‍ബാനയും ഇല്ല. സ്വീകരണമുറിയിലെ ടെലിവിഷനിലായിരുന്നു ഇത്തവണത്തെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ കണ്ടത്. വിശ്വാസികളുടെ ഓർമ്മയില്‍ ഇങ്ങനെയൊരു ഈസ്റ്റര്‍ ഇതു മാത്രമായിരിക്കട്ടെ. കല്ലറയിലെ ഇരുട്ടു മാറ്റി പുറത്തുവന്ന ദൈവപുത്രന്റെ ഉയര്‍പ്പ് തിരുനാള്‍ നല്കുന്ന പ്രതീക്ഷയില്‍ ഈ ഈസ്റ്റര്‍ ദിനം പുലരുമ്പോള്‍, അകലങ്ങളില്ലാതെ, വലുപ്പ ചെറുപ്പമില്ലാതെ, ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും ഒന്നു ചേര്‍ന്ന് കൈ കോര്‍ത്തു പിടിക്കുന്ന നല്ല നാളെകള്‍ എത്രയും പെട്ടെന്ന് വന്നു ചേരാന്‍ പ്രാര്‍ത്ഥിക്കാം.
പരിശുദ്ധ പിതാവിന്റെ സന്ദേശത്തില്‍ പറഞ്ഞതു പോലെ ‘നമ്മള് ഒറ്റപ്പെട്ടിരിക്കുകയാണെങ്കിലും വിശാലമായ സ്നേഹത്തിന്റെ കഴിവുകള്‍ ഉപയോഗിച്ച് ചിന്തകള്‍ കൊണ്ടും ആത്മീയസാന്നിധ്യം കൊണ്ടും നമുക്ക് എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കാം.’
Read Here: Happy Easter 2020: Wishes, Images, Quotes, Messages, Status, Wallpaper, and Photos
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.