കൊച്ചി: കൊച്ചി നഗരത്തില്‍ പലയിടത്തും കനത്ത പുകമഞ്ഞ്. ഇന്ന് രാവിലെ ഏഴിനു ശേഷവും മഞ്ഞിന്റെ അളവില്‍ കുറവുണ്ടായില്ല. പലയിടത്തും പുകമഞ്ഞ് കാഴ്ച മറയ്ക്കുന്ന നിലയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലൊന്നും ഇങ്ങനെ പുക മഞ്ഞുണ്ടായിട്ടില്ല. ശക്തമായ മഞ്ഞിനു കാരണം എന്താണെന്ന് വ്യക്തമല്ല. നഗരത്തില്‍ പലയിടത്തും നൂറ് മീറ്ററിനപ്പുറം കാഴ്ച സാധ്യമായിരുന്നില്ല. മഞ്ഞ് ശക്തമായ നിലയിൽ ഉണ്ടെങ്കിലും അന്തരീക്ഷത്തിൽ തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല.

നേരത്തെ, നഗരത്തിൽ സമാനമായ രീതിയിൽ പുകമഞ്ഞ് പ്രത്യക്ഷപ്പെട്ടത് ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ തുടർന്നായിരുന്നു. അന്നും നഗരത്തിൽ പുകമഞ്ഞ് രൂക്ഷമായിരുന്നു. മാലിന്യ പ്ലാന്റിലുണ്ടായ തീ അണയ്‌ക്കാൻ സാധിക്കാതെ വന്നതോടെയാണ് അന്ന് പുകമഞ്ഞ് രൂക്ഷമായത്.

അതേസമയം, സംസ്ഥാനത്ത് തുലാവർഷം ശക്‌മാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റ മുന്നറിയിപ്പുണ്ട്. ഇന്ന് സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.

Read Also: ‘എന്നെ തുറന്നുവിടൂ’; ശവപ്പെട്ടിയില്‍ നിന്നുള്ള ശബ്‌ദ‌ത്തിൽ അമ്പരന്ന് ബന്ധുക്കള്‍, വീഡിയോ

ഒക്ടോബർ 19 വരെ കേരളത്തിൽ നിരവധി പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. ഒക്ടോബർ 16 ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പുണ്ട്. ഒക്ടോബർ 16 മുതൽ 18വരെ ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഒക്ടോബർ 17, 18 തീയതികളിൽ കേരളത്തിൽ ചിലയിടങ്ങളിൽ ഇടിമിന്നലുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ഒക്ടോബർ 15 മുതൽ 18 വരെ കേരളത്തിൽ ഒന്നോ രണ്ടോ ഇടങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. അടുത്ത 24 മണിക്കൂറിനുളളിൽ 45-55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കും. ചിലപ്പോൾ 65 കിലോമീറ്റർ വേഗത വരെ കൈവരിച്ചേക്കും. അതിനാൽ തന്നെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.