കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിൽ താൻ ഉണ്ടാകില്ലെന്ന് ഇ.ശ്രീധരൻ. രണ്ടാം ഘട്ടത്തിൽ താനും ഡിഎംആർസിയും ഉണ്ടാകില്ല. രണ്ടാം ഘട്ടം പൂത്തിയാക്കാൻ കെഎംആർഎൽ പ്രാപ്തരാണ്. ഉദ്ഘാടന ചടങ്ങിൽ വിളിക്കാത്തതിൽ വിഷമമില്ല. പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനം. മെട്രോ ഉദ്ഘാടനത്തിന് പൂർണമായും സജ്ജമായിട്ടുണ്ട്. അവസാനവട്ട മിനുക്കു പണികൾ കൂടിയുണ്ട്. അത് ഇന്നത്തോടെ പൂർത്തിയാകുമെന്നും ശ്രീധരൻ പറഞ്ഞു. മെട്രോ സ്റ്റേഷനുകളുടെയും ട്രെയിനുകളുടെയും ഉദ്ഘാടനവേദിയുടെയും മറ്റും അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ.

ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കും. എന്നെ എന്തിനാണു ക്ഷണിക്കേണ്ട ആവശ്യം. ക്ഷണിക്കേണ്ട ആവശ്യമില്ലല്ലോ. ഞാൻ ഇവിടെത്തന്നെയല്ലേ. മെട്രോയുടെ രണ്ടാംഘട്ടത്തില്‍ ഡിഎംആർസിയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഉദ്ഘാടനം നടത്തുന്ന പാലാരിവട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണു ശ്രീധരൻ പരിശോധന നടത്തിയത്. കെഎംആർഎൽ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Read More: മെട്രോ ഉദ്ഘാടന വേദിയിൽ ഇ.ശ്രീധരനില്ല: കടുംവെട്ട് വെട്ടി കേന്ദ്രം

മെട്രോയുടെ ഉദ്ഘാടനവേദിയിൽ സ്ഥാനം നൽകിയവരുടെ ലിസ്റ്റിൽനിന്നും ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും സ്ഥലം എംഎൽഎ പി.ടി. തോമസിനെയും ഒഴിവാക്കിയിരുന്നു. വേദിയിലിരിക്കാൻ 17 പേരുടെ പട്ടികയാണു സംസ്ഥാന സർക്കാർ പ്രധാനമന്ത്രിയുടെ ഓഫിസിനു നൽകിയത്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കുശേഷം പ്രധാനമന്ത്രിയുടെ ഓഫിസ് തയാറാക്കിയ ലിസ്റ്റിൽ ഗവർണർ പി. സദാശിവം, കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന ഗതാഗത മന്ത്രി തോമസ് ചാണ്ടി, മേയർ സൗമിനി ജെയിൻ, കെ.വി. തോമസ് എംപി എന്നീ ആറു പേർക്കു മാത്രമാണ് പ്രധാനമന്ത്രിക്കൊപ്പം വേദിയിൽ സ്ഥാനം നൽകിയത്.

ഉദ്ഘാടനവേദിയിൽനിന്നും ശ്രീധരനെ ഒഴിവാക്കിയത് വിവാദമായി. തുടർന്ന് ഇ.ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും സ്ഥലം എംഎൽഎ പി.ടി. തോമസിനും കൂടി ഇരിപ്പിടം ഒരുക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കു കത്തയച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ