തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവരിൽനിന്ന് പിഴ ഓണ്‍ലൈന്‍ വഴി ഈടാക്കാനുള്ള ഇ-ചലാൻ സംവിധാനത്തിനു തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു.
നിയമലംഘനം കണ്ടെത്തുന്നുന്ന സാഹചര്യങ്ങളിൽ വാഹന ഉടമയ്‌ക്കോ ഡ്രൈവര്‍ക്കോ ഓണ്‍ലൈനായി ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യങ്ങള്‍ ഉപയോഗിച്ച് അപ്പോള്‍ തന്നെ പണം അടയ്ക്കാന്‍ പുതിയ പദ്ധതിയിലൂടെ കഴിയും. ഇത്തരം സംവിധാനങ്ങൾ കൈവശം ഇല്ലാത്തവർക്കു പിഴ അടയ്ക്കാന് പ്രത്യേകം സൗകര്യം ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
ഡിജിറ്റൽ സംവിധാനമായതിനാൽ ഒരു വിധത്തിലുമുളള പരാതിക്കും അഴിമതിക്കും പഴുതുണ്ടാവില്ലെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. പിഴ അടയ്ക്കാത്തവരുടെ കേസ് വിര്‍ച്വല്‍ കോടതിയിലേയ്ക്കു കൈമാറാനും ഈ സംവിധാനത്തിലൂടെ കഴിയും.
വാഹനപരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കൈവശമുള്ള ചെറിയ ഉപകരണത്തില്‍ ഡ്രൈവിങ് ലൈസന്‍സ്, വാഹന നമ്പറുകള്‍ തുടങ്ങിയ വിവരങ്ങൾ നല്‍കിയാല്‍ അതു സംബന്ധമായ എല്ലാ വിവരവും ഉടന്‍ ലഭ്യമാകും. കുറ്റകൃത്യങ്ങൾ ഫൊട്ടൊ, വീഡിയോ എന്നിവ പുതിയ സംവിധാനത്തില്‍ ലഭ്യമാകുന്നതിലൂടെ വാഹനപരിശോധന ഇനി മുതല്‍ ഏറെ സുഗമമാകും.
തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, എറണാകുളം സിറ്റി, തൃശൂര്‍ സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലാണു പുതിയ സംവിധാനം ആരംഭിച്ചത്. വൈകാതെ തന്നെ എല്ലാ ജില്ലകളിലും സംവിധാനം വ്യാപിപ്പിക്കും.
Read More: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അക്ഷരവൃക്ഷം പരിപാടിക്ക് ദേശീയ അവാർഡ്